ടൊറൊന്റോ (കാനഡ): ഈ ആഴ്ച ആദ്യം ആളൊഴിഞ്ഞ വീടിന് പുറത്തുള്ള നിർമ്മാണ മാലിന്യത്തിൽ നിന്ന് കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങൾ നാല് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുടേതാണെന്ന് ടൊറന്റോ പോലീസ് പറയുന്നു.
പെൺകുട്ടി കറുപ്പ്, ആഫ്രിക്കൻ അല്ലെങ്കിൽ മിക്സഡ്-ആഫ്രിക്കൻ വംശജയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടതിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഡിറ്റക്ടീവ് സർജന്റ് റെനി ഫോളി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഏപ്രിൽ 28 വ്യാഴാഴ്ച ഉച്ചയ്ക്കും മെയ് 2 തിങ്കളാഴ്ച്ച വൈകുന്നേരം 4:45 നും ഇടയിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഫോറൻസിക് പാത്തോളജിസ്റ്റ് വിശ്വസിക്കുന്നത് പെണ്‍കുട്ടി കഴിഞ്ഞ വേനൽക്കാലത്തോ ശരത്കാലത്തിലോ അല്ലെങ്കിൽ ഒരുപക്ഷെ നേരത്തെയോ മരിച്ചിരിക്കാം,” ഫോളി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ പെൺകുട്ടിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. “ഈ കൊച്ചു പെൺകുട്ടിയുടെ ഐഡന്റിറ്റി സ്ഥാപിക്കുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ പ്രഥമ പരിഗണന. അതിനായി അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ വഴികളും സ്വീകരിക്കും,” ഇന്‍സ്പെക്ടര്‍ ഹാങ്ക് ഇദ്സിംഗ പറഞ്ഞു. ഒരു കൊലപാതക അന്വേഷണം പോലെ ഞങ്ങൾ ഈ മരണത്തെ അതിന്റേതായ ഗൗരവത്തില്‍ അന്വേഷിക്കുകയാണെന്നും, കുട്ടികള്‍ വെറുതെ മരിക്കുകയില്ല എന്നും ഇദ്സിംഗ കൂട്ടിച്ചേര്‍ത്തു.
പോലീസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ പ്രകാരം, പെൺകുട്ടിയുടെ മൃതദേഹം ഒരു പ്ലാസ്റ്റിക് ബാഗിനുള്ളിൽ, പുതപ്പിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. അതും നഗരത്തിലെ ഒഴിഞ്ഞ വീടിന്റെ നിർമ്മാണ സ്ഥലത്ത് ഉപയോഗിക്കുന്ന മാലിന്യത്തിൽ വർണ്ണാഭമായ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു. അയല്പക്കങ്ങളില് സമ്പന്നമായ കുടുംബംഗങ്ങളാണ്.
ടൊറന്റോ മേയർ ജോൺ ടോറി ഈ കണ്ടുപിടുത്തത്തെ “പറഞ്ഞറിയിക്കാനാവാത്ത ദുരന്തം” എന്നാണ് വിശേഷിപ്പിച്ചത്.