കൊച്ചി: ചരിത്രം പഠിക്കാത്തവരുടെയും ഭീകരവാദപ്രസ്ഥാനങ്ങളുടെ ഔദാര്യം പറ്റുന്നവരുടെയും വിരട്ടലുകള്‍ ക്രൈസ്തവ സമൂഹത്തോട് വേണ്ടെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ക്രൈസ്തവ പാരമ്പര്യത്തെയും വിശ്വാസ അടിത്തറയെയും സഭാനേതൃത്വത്തെയും കുടുംബസംവിധാനങ്ങളെയും വെല്ലുവിളിക്കുന്നവരുടെ അണിയറ അജണ്ടകള്‍ തിരിച്ചറിയുവാനുള്ള കഴിവും പ്രാപ്തിയും വിശ്വാസിസമൂഹത്തിനുണ്ടെന്നുള്ളത് ആരും മറക്കരുത്.
സഭയ്ക്ക് രാഷ്ട്രീയമുണ്ട്. അത് കക്ഷിരാഷ്ട്രീയമോ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അടിമത്വമോ അല്ല. ദരിദ്രരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും പക്ഷംചേര്‍ന്ന് ജാതിമത വര്‍ഗ്ഗചിന്തകള്‍ക്കതീതമായി പൊതുസമൂഹത്തിന്റെ ക്ഷേമവും നന്മയും സമഗ്രവളര്‍ച്ചയുമാണ് എക്കാലവും സഭയുടെ രാഷ്ട്രീയവും ലക്ഷ്യവും. ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് സഭാശുശ്രൂഷാമേഖലകള്‍ നിലകൊള്ളുന്നതും നിസ്വാര്‍ത്ഥ സേവനങ്ങള്‍ പങ്കുവെയ്ക്കുന്നതും. ഈ മഹത്തായ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ പൊതുസമൂഹമൊന്നാകെയാണെന്നുള്ളതും ആരും വിസ്മരിക്കരുത്. സഭയുടെ നിലപാടുകള്‍ മുന്നണികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അധികാര കേന്ദ്രങ്ങള്‍ക്കുംവേണ്ടിയുള്ളതല്ല. തലമുറകളെ നശിപ്പിക്കുന്ന സാമൂഹ്യ തിന്മകള്‍ക്കും ജനജീവിതത്തെ വെല്ലുവിളിക്കുന്ന ദ്രോഹനടപടികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന സഭയുടെ ആര്‍ജ്ജവത്വവും ഉറച്ചനിലപാടും പൊതുസമൂഹം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുള്ളതുമാണ്.
സാക്ഷരസമൂഹമെന്ന് കേരളം അഭിമാനപൂര്‍വ്വം കൊട്ടിഘോഷിക്കുമ്പോഴും പതിറ്റാണ്ടുകളായി ഈ നാടിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിന് കരുത്തേകിയത് ആരെന്ന് സഭാവിരുദ്ധര്‍ അന്വേഷിച്ചറിയണം. ആരോഗ്യരംഗത്തെ ക്രൈസ്തവ സേവനങ്ങള്‍ക്കും അനാഥരേയും ആലംബഹീനരേയും വൃദ്ധരേയും സംരക്ഷിക്കുന്ന സഭയുടെ ആതുരശുശ്രൂഷകള്‍ക്കും പകരംവെയ്ക്കാന്‍ ഈ നാട്ടില്‍ എന്തു ബദല്‍ സംവിധാനമാണുള്ളത്.
കേരളത്തിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കുനേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്ന ഭീകരവാദപ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്നതിലും നിരോധിക്കുന്നതിലും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് ദുഃഖകരമാണ്. ഭരണഘടന ഉയര്‍ത്തിക്കാട്ടുന്ന തുല്യനീതി നിഷേധിക്കുമ്പോള്‍ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദരാക്കാന്‍ ആര്‍ക്കുമാവില്ല. വിവാദങ്ങള്‍ സൃഷ്ടിച്ച് ആക്ഷേപിച്ചും അവഹേളിച്ചും ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ക്രൈസ്തവ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാമെന്നും അരക്ഷിതാവസ്ഥ സൃഷ്ടിച്ച് നേട്ടമുണ്ടാക്കാമെന്നും കരുതുന്നവര്‍ പമ്പരവിഢികളാണ്. ബോധവും ബോധ്യവുമുള്ള ഒരു ക്രൈസ്തവ തലമുറയാണ് ആധുനിക കാലഘട്ടത്തിലുള്ളത്. ക്രൈസ്തവ സഭാസംവിധാനങ്ങളിലും കുടുംബങ്ങളിലും നുഴഞ്ഞുകയറുവാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുവാനും ശക്തമായി പ്രതികരിക്കുവാനും ഉറച്ച നിലപാടുകളിലൂടെ ഒരുമയും സ്വരുമയും ഊട്ടിയുറപ്പിക്കുവാനും ക്രൈസ്തവര്‍ക്കാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.