കൊച്ചി: വ്യവസായം തുടങ്ങാൻ ഏറെ ബുദ്ധിമുട്ടുള്ള സംസ്ഥാനം കേരളമാണെന്നും എന്നാല്‍, ആ ബുദ്ധിമുട്ടുകൾ മുന്‍കൂട്ടി മനസ്സിലാക്കി മുന്നോട്ടു പോയാല്‍ കേരളത്തിൽ തടസ്സമില്ലാതെ ബിസിനസ് നടത്തി വിജയിപ്പിക്കാമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച് വ്യവസായങ്ങൾ തുടങ്ങാൻ പ്രവാസികൾ മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വ്യവസായം തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണു കേരളം. അതു മുന്‍കൂട്ടി കണ്ട് കേരളത്തിന്റെ ഉന്നമനത്തിന് വേണ്ടിയും വരും തലമുറയുടെ ശോഭനമായ ഭാവിക്കുവേണ്ടിയും, ഇവിടെ സംരംഭങ്ങള്‍ പടുത്തുയര്‍ത്താന്‍ തയ്യാറാകണം. നാടിന്റെ വളര്‍ച്ചയുടെ ഉത്തരവാദിത്വം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാതെ നമ്മളും പങ്കാളികളാകണം. ലോകത്തിന്റെ എല്ലാ കോണിലും കച്ചവടം ചെയ്തിട്ടുണ്ട്. ഒരോ സ്ഥലത്തും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. അതു മനസ്സിലാക്കി, നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നു വ്യവസായം ചെയ്താല്‍ തീര്‍ച്ചയായും വിജയിക്കും’ യൂസഫലി പറഞ്ഞു.
ആഗോള വിപണിയിൽ വൻകിട വ്യവസായങ്ങളിൽ വിജയിച്ചവർക്ക് സ്വന്തം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമാ സംഘടിപ്പിച്ച എംപവർ കേരള ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.