ഹ്യൂസ്റ്റൺ: ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകൾ എന്നും അവഗണിക്കപ്പെട്ടിട്ടേയുള്ളു അത് ഇന്നും അനുസ്യുതം തുടരുകയും ചെയ്യുന്നു. അതിനുദാഹരണമാണ് ഇന്ന് ഈ വേദിയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ആശംസകൾ നേർന്നവർ എല്ലാം പുരുഷന്മാരായിരുന്നു എന്നത്, കോടിയേരി ബാലകൃഷ്ണൻ തുറന്നടിച്ചു. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച മദേഴ്സ് ഡേ ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിൽ ചികിത്സക്കായി മൂന്നാം വട്ടം എത്തിയ തനിക്ക് എപ്പോഴും സഹായത്തിനെത്തിയിരുന്നത് മലയാളി നഴ്സുമാരായിരുന്നു. അവരുടെ സ്നേഹത്തിനും കരുതലിനും പകരം വെക്കാൻ ഒന്നുമില്ല. പത്രപ്രവർത്തകരോട് തന്റെ അസുഖത്തെക്കുറിച്ചു തുറന്നു സംസാരിക്കാൻ താൻ ഒട്ടും മടിച്ചിട്ടില്ല. മാത്രമല്ല, അതിനോട് പൊരുതുവാൻ ദൃഠനിശ്ചയം ചെയ്തു പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി പി ഐ എം സംസ്ഥാന സെക്രെട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെയും പത്നി വിനോദിനി ബാലകൃഷ്ണനെയും കേരളാ ഹൗസിൽ മലയാളി അസോസിയേഷൻ അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. പ്രസിഡന്റ് അനിൽ ആറന്മുള അദ്ധ്യക്ഷനായിരുന്നു. മാഗ് ആർട്സ് കോഓർഡിനേറ്റർ ആൻഡ്രൂസ് ജേക്കബ് സ്വാഗതം ആശംസിച്ചു. പരിചയപ്പെടുന്നവരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്നേഹിക്കുന്ന കോടിയേരി മാനുഷികമൂല്യങ്ങൾക്കു വില കൽപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവാണെന്ന് അനിൽ ആറന്മുള തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ അനുസ്മരിച്ചു.
അദേഹത്തിനു ആശംസകൾ നേർന്നുകൊണ്ട് ശശിധരൻ നായർ (ഫോമ), എബ്രഹാം ഈപ്പൻ (ഫൊക്കാന), എസ് കെ ചെറിയാൻ (വേൾഡ് മലയാളി കൌൺസിൽ) എന്നിവർ സംസാരിച്ചു.
മുൻകാലങ്ങളിൽ മലയാളി അസോസിയേഷന്റെ പ്രസിഡന്റുമാർ, കമ്മിറ്റി അംഗങ്ങൾ എന്നീ നിലകളിൽ പ്രവർത്തിച്ച അമ്മമാരെ ശ്രീമതി വിനോദിനി ബാലകൃഷ്ണൻ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. തുടർന്ന് അവർ സന്നിഹിതരായ എല്ലാ അമ്മമാർക്കും പുഷ്പങ്ങൾ നൽകി സ്വീകരിക്കുകയും ഹൃദ്യമായ മാതൃദിനം ആശംസിക്കുകയും ചെയ്തു. അതിനു ശേഷം കമ്മിറ്റി അംഗങ്ങൾ അമ്മമാർക്ക് ഭക്ഷണം വിളമ്പി.
സെക്രട്ടറി രാജേഷ് വര്ഗീസ്, ജോയിന്റ് ട്രഷറർ ബിജു ജോൺ , ജോയിന്റ് സെക്രട്ടറി ജോമോൻ, റെജി കുര്യൻ, സൈമൺ എള്ളെങ്കിയിൽ, ഉണ്ണി മണപ്പുറത്തു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എം സി കൂടിയായിരുന്ന വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളതുമഠം നന്ദി രേഖപ്പെടുത്തി. ആർ വി ഇൻഷുറൻസ് കമ്പനിയും രാജേഷ് വറുഗീസും പരിപാടിയുടെ മുഖ്യ സ്പോൺസർമാര് ആയിരുന്നു.
പൂർണ ആരോഗ്യവാനായ കോടിയേരി ബാലകൃഷ്ണൻ മെയ് 12 ന് കേരളത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വ്യാപൃതനാകാൻ കേരളത്തിലേക്ക് തിരിക്കും.