തിരുവനന്തപുരം: യുഎസിലെ മയോ ക്ലിനിക്കിലെ രണ്ടാംഘട്ട ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച പുലർച്ചെ തലസ്ഥാനത്തേക്ക് മടങ്ങി.
പുലർച്ചെ 3.30ന് ദുബായിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തോടൊപ്പം, ഭാര്യ കമലയും പേഴ്‌സണൽ അസിസ്റ്റന്റും ഉണ്ടായിരുന്നു. രണ്ടാഴ്ചയിലേറെ നീണ്ട ചികിൽസയ്ക്കു ശേഷം ചില വിദേശ രാജ്യങ്ങളിലേക്ക് പോകാനിരുന്നെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്.
പണിമുടക്കിയ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) തൊഴിലാളികളുടെ ശമ്പളവിതരണം ഉൾപ്പെടെയുള്ള നിരവധി പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയ്‌ക്കായി കാത്തിരിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, വൈദ്യുതി സ്ഥിതിഗതികൾ അദ്ദേഹം അവലോകനം ചെയ്യാനും സാധ്യതയുണ്ട്.
മുഖ്യമന്ത്രി ചികിൽസക്കായി ഏപ്രിൽ 24 നാണ് അമേരിക്കയിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിലേക്ക് പോയത്. സിപിഎം സംസ്ഥാന സെക്രട്ടറിയും ഇവിടെ ചികിൽസയിലാണ്. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ അദ്ദേഹവും താമസിയാതെ മടങ്ങിയെത്തുമെന്നാണ് സൂചന.
തൃക്കാക്കര മണ്ഡലത്തിലെ പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിൽ മെയ് 12 ന് നടക്കുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി പി എമ്മിൽ വിഭാഗീയത നിലനിൽക്കുന്ന എറണാകുളം ജില്ലയിൽ യു ഡി എഫിൽ നിന്ന് മണ്ഡലം പിടിച്ചെടുക്കാൻ പിണറായി അടക്കം ഇടത് നേതാക്കൾ വരും ദിവസങ്ങളിൽ മണ്ഡലത്തിൽ സജീവമാകും.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ബുധനാഴ്ച മന്ത്രിസഭായോഗം ചേരും. കുതിച്ചുയരുന്ന ഇന്ധനത്തിന്റെയും പാചക വാതകത്തിന്റെയും വിലയും പണപ്പെരുപ്പ പ്രതിരോധ നടപടികളും അജണ്ടയിലുണ്ടെന്ന് റിപ്പോർട്ട്.
അത്യാധുനിക ഇ-ഫയൽ മാനേജ്‌മെന്റ് സിസ്റ്റം വഴി അമേരിക്കയില്‍ ചികിത്സയിലിരിക്കെ വിദൂരമായി അദ്ദേഹം ഭരണം നടത്തി. പോലീസിൽ നിന്നുൾപ്പെടെയുള്ള തന്റെ ദൈനംദിന വിവരങ്ങളും മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.