വിവാഹ വാർഷിക ദിനത്തിൽ കുട്ടികളുമായി നദിയിൽ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങിമരിച്ചു

കോതമംഗലം: വിവാഹവാർഷിക ദിനത്തിൽ മൂന്ന് കുട്ടികളുമായി പുഴയിൽ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങിമരിച്ചു. ഇഞ്ചൂർ കുറുമാട്ടുകുടി സ്വദേശി അബി കെ അലിയാർ (42) ആണ് മരിച്ചത്. കോഴിപ്പിള്ളി പുഴയിൽ കുളിക്കാനിറങ്ങിയ മകന്‍ ചുഴിയില്‍ പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അബിയ്ക്ക് അപകടം പിണഞ്ഞത്.

ഈ സമയം പുഴയിൽ കുളിക്കാനെത്തിയ കോതമംഗലം അഗ്നിശമന സേനയിലെ സിവിൽ ഡിഫൻസ് അംഗം റെജിയാണ് മകൻ അമീറിനെ (12) രക്ഷപ്പെടുത്തിയത്. ഇയാളും അബിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചുഴിയില്‍ പെട്ട് അബി മുങ്ങുകയായിരുന്നു. ഇഞ്ചൂർ ചെക്ക്ഡാമിന് സമീപം ചൊവ്വാഴ്ച രാവിലെ 11.50നായിരുന്നു സംഭവം നടന്നത്.

റെജി അറിയിച്ചതിനെ തുടർന്ന് എത്തിയ കോതമംഗലം അഗ്നിരക്ഷാ സേനയിലെ അംഗങ്ങളായ ഷിബു പി.ജോസഫ്, പി.എം.ഷാനവാസ്‌, വിഷ്ണു മോഹൻ എന്നിവർ അബിയെ മുങ്ങിയെടുത്തു കോതമംഗലം ധർമഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാലാ ഗവ. പോളിടെക്നിക് ഇൻസ്ട്രക്ടറാണ് അബി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മാതിരപ്പിള്ളി ജുമാ മസ്ജിദിൽ. അലിയാരുടെയും കദീജയുടെയും മകനാണ്. ഭാര്യ: നേര്യമംഗലം അയ്യന്തൂർ ജാസ്മോൾ. മറ്റു മക്കൾ: ആശിർ, ആദിൽ.

Print Friendly, PDF & Email

Leave a Comment

More News