ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ എയർഫോഴ്‌സ് ജവാന്‍ ദേവേന്ദ്ര ശര്‍മ്മയെ ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ദേവേന്ദ്ര ശർമയെ ഹണി ട്രാപ്പിൽ കുടുക്കി വ്യോമസേനയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നാണ് ആരോപണം. എത്ര റഡാറുകൾ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്? അതോടൊപ്പം ഉന്നത ഉദ്യോഗസ്ഥരുടെ പേരും വിലാസവും ശര്‍മ്മയില്‍ നിന്ന് ആരാഞ്ഞതായാണ് വിവരം.
രഹസ്യാന്വേഷണ ഏജൻസിയുടെ വിവരത്തെ തുടർന്ന് മെയ് 6 ന് ദേവേന്ദ്ര ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തതായി പറയപ്പെടുന്നു. ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ദേവേന്ദ്ര ശർമ്മയെ ധൗല കുവാനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ശര്‍മ്മ കാൺപൂർ സ്വദേശിയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഒരു സ്ത്രീയുടെ പ്രൊഫൈലിൽ നിന്നാണ് ഇയാൾ ഫേസ്ബുക്കിൽ സൗഹൃദത്തിലായത്. ഫോൺ സെക്‌സിലൂടെ ദേവേന്ദ്ര ശർമ്മയെ കെണിയിൽ വീഴ്ത്തുകയും, തുടർന്ന് ഇയാളിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ആരോപണം. ദേവേന്ദ്ര ശർമ്മയുമായി യുവതി സംസാരിച്ചിരുന്ന നമ്പർ ഒരു ഇന്ത്യൻ സേവനദാതാവിന്റെ നമ്പറാണ്.
യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഈ മുഴുവൻ പ്രവർത്തനത്തിലും പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് പങ്കുണ്ടെന്നാണ് സംശയം. ശര്‍മ്മയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ ചില ഇടപാടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.