പാലക്കാട്: വാളയാർ കേസ് അന്വേഷിച്ചിരുന്നതും ഇപ്പോൾ എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയുമായ എം.ജെ. സോജനെതിരെ ക്രിമിനൽ കേസെടുക്കാൻ പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. പെൺകുട്ടികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മോശം പരാമർശം നടത്തിയെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കോടതി ഇടപെട്ടത്.
കേസിൽ പ്രതികളെ എല്ലാവരെയും പാലക്കാട് പോക്സോ കോടതി നേരത്തെ വെറുതേവിട്ടിരുന്നു. ആ സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ സോജന്റെ പ്രതികരണം. ഒന്നരവർഷം ജയിലിൽ കിടന്നതു തന്നെയാണ് പ്രതികൾക്കുള്ള ഏറ്റവും വലിയശിക്ഷ. കാരണം ഈ കേസിൽ ഒരു തെളിവും ഇല്ല. പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കുട്ടികളുടെ മാതാവ് പരാതി നൽകിയത്.
അന്നു നടത്തിയ പരാമർശത്തിൽ സോജൻ വിചാരണ നേരിടണമെന്ന് കോടതി നിർദേശിച്ചു. സോജനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് വേണം അന്വേഷണം നടത്താനെന്ന് വാളയാർ സമരസമിതി ആവശ്യപ്പെട്ടു.
2017 ജനുവരി 13നാണ് വാളയാറിൽ പതിമൂന്നുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് സമാനമായ രീതിയിൽ നാലാം ക്ലാസുകാരി അനുജത്തിയേയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുവരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.