ശ്രീനഗർ: ബുദ്ഗാം ജില്ലയിൽ കശ്മീരി പണ്ഡിറ്റ് ജീവനക്കാരൻ കൊല്ലപ്പെട്ടത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചതായി ജമ്മു കശ്മീർ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട ജീവനക്കാരന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുമെന്നും അറിയിച്ചു.
വ്യാഴാഴ്ചയാണ് ബുദ്ഗാം ജില്ലയിലെ ചദൂരയിലുള്ള അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് തീവ്രവാദികളുടെ വെടിയേറ്റ് രാഹുൽ ഭട്ടിന് ഗുരുതരമായി പരിക്കേറ്റത്. ശ്രീനഗറിലെ ആശുപത്രിയിൽ വച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങി.
നികൃഷ്ടമായ ഭീകരാക്രമണത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെയും സംഘത്തിലുണ്ടാകും,” ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ട്വീറ്റ് ചെയ്തു.
ഭട്ടിന്റെ ഭാര്യക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ച അദ്ദേഹം മകളുടെ വിദ്യാഭ്യാസച്ചെലവ് ഭരണകൂടം വഹിക്കുമെന്നും പറഞ്ഞു.
രാഹുൽ ഭട്ടിന്റെ ഭാര്യക്ക് ജമ്മുവിൽ സർക്കാർ ജോലിയും കുടുംബത്തിന് സാമ്പത്തിക സഹായവും നൽകാൻ ജമ്മു കശ്മീർ ഭരണകൂടം തീരുമാനിച്ചതായും, മകളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കുമെന്നും സിൻഹ കൂട്ടിച്ചേർത്തു.
ഭട്ടിന്റെ കൊലപാതകം കുടിയേറ്റക്കാർക്കുള്ള പ്രധാനമന്ത്രിയുടെ തൊഴിൽ പാക്കേജിന് കീഴിൽ താഴ്‌വരയിൽ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളിൽ നിന്ന് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കൊലപാതകത്തിൽ പ്രതിഷേധിച്ച് ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബുദ്ഗാമിലെ ഷെയ്ഖ്പുരയിൽ പ്രതിഷേധിച്ച കുടിയേറ്റ ജീവനക്കാരെ പിരിച്ചുവിടാൻ വെള്ളിയാഴ്ച പോലീസിന് കണ്ണീർ പുക ഷെല്ലുകളും ബാറ്റൺ ചാർജും പ്രയോഗിക്കേണ്ടി വന്നു.
അതേസമയം, കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ കൂട്ട രാജിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രീനഗർ ജില്ലാ ഭരണകൂടം തള്ളിക്കളഞ്ഞു.