ഇടുക്കി: ഏഴു വയസ്സുകാരനെ അമ്മയുടെ കാമുകന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. 2019-ല്‍ നടന്ന ഈ സംഭവത്തിന്റെ പുനരന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പുതിയ കണ്ടെത്തല്‍. 2018 മെയ് 23-ന് കുട്ടിയുടെ പിതാവായ ബിജുവിനെ ഭാര്യാവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ബിജുവിന്റെ മരണശേഷം ബിജുവിന്റെ ഭാര്യ കാമുകന്‍ അരുണിനോടൊപ്പം താമസിക്കാന്‍ തുടങ്ങി. ഇത് ബിജുവിന്റെ കുടുംബത്തിന് സംശയം ജനിപ്പിക്കുകയും ബിജുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം പോസ്റ്റ്‌മോർട്ടം നടത്തിയപ്പോള്‍ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നും കണ്ടെത്തി. ഈ കേസിലാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന്റെ പുതിയ കണ്ടെത്തല്‍.
ബിജു ഹൃദയാഘാതം മൂലമല്ല മരിച്ചതെന്നും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കുട്ടികളുടെ അമ്മയെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. എന്നാല്‍, നുണ പരിശോധനയ്ക്ക് കോടതിയുടെ അനുമതി ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് മൂന്നര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദിനെ കോടതി 21 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചത്.
ബിജുവിന്റെ മരണ ശേഷം മൂന്നാം ദിവസം ബിജുവിന്റെ ഭാര്യ കാമുകനായ അരുണ്‍ ആനന്ദിനൊപ്പം താമസിക്കാന്‍ തുടങ്ങിതിനു ശേഷം അരുണ്‍ ബിജുവിന്റെ രണ്ട് മക്കളെയും ക്രൂരമായി ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നു. കിടക്കയില്‍ മൂത്രമൊഴിച്ചതിന് അരുണ്‍ മൂത്തകുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയും കുട്ടി തലയോട് തകര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരിക്കുകയും ചെയ്തിരുന്നു. 2019ലായിരുന്നു ഈ സംഭവം. ഇതോടെ, ബിജുവിന്റെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടു. ഇതേ തുടര്‍ന്നാണ് ബിജുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ബിജുവിന്റെ പിതാവ് ബാബുവിന്റെ സഹോദരിയുടെ മകനാണ് അരുണ്‍ ആനന്ദ്. പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.