വാഷിംഗ്ടണ്‍: ഏകദേശം മൂന്ന് മാസം മുമ്പ് റഷ്യ ഉക്രെയ്നിൽ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ആദ്യമായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗുവും വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചു.
യുക്രെയ്‌നിലെ യുദ്ധം രൂക്ഷമാകുമ്പോഴും ഓസ്റ്റിൻ ആശയവിനിമയ ലൈനുകൾ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞതായി പെന്റഗൺ വക്താവ് ജോൺ കിർബി ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഓസ്റ്റിന്റെ ഫോണ്‍ കോൾ ഒരു മണിക്കൂറോളം നീണ്ടുനിന്നെങ്കിലും ഇരുപക്ഷവും തമ്മിലുള്ള പ്രത്യേക പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടില്ലെന്ന് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യ സൈനിക നടപടി ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് ഫെബ്രുവരി 18 നാണ് രണ്ട് ഉദ്യോഗസ്ഥരും അവസാനമായി സംസാരിച്ചത്. അതിപ്പോൾ മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.
മാര്‍ച്ച് 14 ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബിയും ജോയിന്റ് ചീഫ് ചെയര്‍മാന്‍ മാര്‍ക്ക് മില്ലിയും റഷ്യന്‍ ആഭ്യന്തര സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അതേസമയം യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലിക്‌സി റെസ്‌നികോവ് വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയില്‍ രാജ്യം ഒരു നീണ്ട യുദ്ധത്തിനു തയാറെടുക്കുകയാണെന്നും തലസ്ഥാനമായ കീവ് ഉടന്‍ വീഴുമെന്ന റഷ്യന്‍ സ്വപ്നം വിഫലമാകുമെന്നും അഭിപ്രായപ്പെട്ടു.
അതിനിടെ ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത് റഷ്യയെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇത് മറ്റൊരു സ്‌പെഷല്‍ മിലിട്ടറി ഓപ്പറേഷനു റഷ്യയെ നിര്‍ബന്ധിതമാക്കിയേക്കുമെന്നാണ് കരുതപ്പെടുന്നത്.