വാഷിംഗ്ടണ്‍: ബുധനാഴ്ച ജെനിൻ നഗരത്തിൽ ഇസ്രായേൽ അധിനിവേശ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട മുതിർന്ന പലസ്തീൻ-അമേരിക്കൻ പത്രപ്രവർത്തക ഷിറീൻ അബു അക്ലേയുടെ കൊലപാതകത്തെ യുഎസ് നിയമനിർമ്മാതാവ് ഇൽഹാൻ ഒമർ അപലപിക്കുകയും, അവരുടെ മരണത്തിന് ഇസ്രായേല്‍ ഉത്തരവാദികളാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഒരു പത്രപ്രവർത്തകയെന്ന നിലയിൽ അവരുടെ സാന്നിധ്യം വ്യക്തമായി അറിയിച്ചതിന് ശേഷമാണ് ഇസ്രായേൽ സൈന്യം അവരെ കൊന്നതെന്ന് ഇല്‍ഹാന്‍ ഒമര്‍ ട്വീറ്റ് ചെയ്തു.
“ഞങ്ങൾ ഇസ്രായേലിന് പ്രതിവർഷം 3.8 ബില്യൺ ഡോളർ സൈനിക സഹായം യാതൊരു നിയന്ത്രണവുമില്ലാതെ നൽകുന്നു. ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ആര് ഉത്തരവാദിത്വം ഏറ്റെടുക്കും?”, ഒമര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാൽ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ അധികൃതർ ഏറ്റെടുത്തിട്ടില്ല.
ഷിറിൻ അബു അക്ലേ കൊല്ലപ്പെട്ട സ്ഥലത്തിന് 200 മീറ്റർ ചുറ്റളവിൽ കനത്ത വെടിവയ്പ്പ് നടക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായും, എന്നാൽ അവരെ വെടിവെച്ചത് ഇസ്രായേൽ സേനയാണോ അതോ പലസ്തീൻ തീവ്രവാദികളാണോ എന്ന് നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
1967-ൽ ആറ് ദിവസത്തെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ കിഴക്കൻ ജറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നിവ ഇസ്രായേൽ കീഴടക്കി. പിന്നീട് ഗാസയിൽ നിന്ന് പിന്മാറേണ്ടി വന്നു.
1967-ൽ വെസ്റ്റ്ബാങ്കിലെ പലസ്തീൻ പ്രദേശങ്ങൾ അധിനിവേശം നടത്തിയതിനുശേഷം നിർമ്മിച്ച 230-ലധികം സെറ്റിൽമെന്റുകളിലായി 700,000-ലധികം ഇസ്രായേലികൾ താമസിക്കുന്നുണ്ട്.