ഡാളസ്: നഗരത്തിലെ കൊറിയ ടൗണിലെ ഹെയർ സലൂണിൽ നടന്ന വെടിവെയ്പില്‍ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റത് വംശീയ വിദ്വേഷ കുറ്റകൃത്യമായിരിക്കാമെന്ന് ഡാളസ് പോലീസ് മേധാവി പറഞ്ഞു.
ഹെയർ വേൾഡ് സലൂണിൽ ബുധനാഴ്ച നടന്ന വെടിവെപ്പ് വംശീയ വിദ്വേഷത്താൽ പ്രേരിപ്പിച്ചതാണെന്ന് പോലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് ചീഫ് എഡി ഗാർഷ്യ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ, വെള്ളിയാഴ്ച ഉച്ചയോടെ ആ ധാരണ മാറിയെന്നും അദ്ദേഹം പറഞ്ഞു.
സലൂണിനു നേരെ വെടിയുതിർക്കുകയും പിന്നീട് ഒരു മെറൂൺ മിനി വാനിൽ രക്ഷപ്പെടുകയും ചെയ്ത കറുത്ത വസ്ത്രം ധരിച്ച ഒരാൾക്കായി അധികൃതർ ഇപ്പോഴും തിരച്ചിൽ നടത്തുകയാണ്.
സലൂൺ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് സെന്ററിൽ ഏപ്രിൽ 2 ന് ഡ്രൈവ്-ബൈ ഉൾപ്പെടെ അടുത്തിടെ നടന്ന മറ്റ് രണ്ട് വെടിവെയ്പ്പുകളില്‍ സമാനമായ വാഹനം ഉൾപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്ന് ഗാർസിയ പറഞ്ഞു. ഈ രണ്ട് വെടിവയ്പിലും ആർക്കും പരിക്കില്ല.
“നമ്മുടെ നഗരത്തെ നിരീക്ഷിക്കാനും സംരക്ഷിക്കാനും ഞങ്ങൾ ഡാളസ് നഗരത്തിലെ ഓരോ താമസക്കാരിലേക്കും തിരിയുകയാണ്. വിദ്വേഷത്തിന് ഇവിടെ സ്ഥാനമില്ല. അക്രമി ആരായാലും അയാളെ കസ്റ്റഡിയിലെടുക്കും,” ഗാര്‍സിയ പറഞ്ഞു.
ബുധനാഴ്ച വെടിവയ്പ്പ് നടന്ന ഷോപ്പിംഗ് സെന്ററിൽ നിന്ന് 40 കിലോമീറ്റർ തെക്കുകിഴക്കായി ഏഷ്യക്കാർ നടത്തുന്ന ബിസിനസ്സുകളിൽ ചൊവ്വാഴ്ച നടന്ന ഡ്രൈവ്-ബൈ ഷൂട്ടിംഗുമായി വാഹനത്തിന് ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് പട്രോളിംഗ് വർദ്ധിപ്പിക്കുമെന്നും തങ്ങളുടെ പ്രദേശത്ത് സമാനമായ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നോർത്ത് ടെക്‌സസിലെ മറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റുകളുമായി അന്വേഷണം ഏകോപിപ്പിക്കുകയാണെന്നും ഗാർസിയ പറഞ്ഞു. സാധ്യമായ ബന്ധത്തെക്കുറിച്ച് അറിയിക്കാൻ ഡാളസ് പോലീസ് എഫ്ബിഐയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സലൂണിൽ വെടിയേറ്റ മൂന്ന് സ്ത്രീകളെ ജീവന് ഭീഷണിയില്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പരിചയവുമില്ലാത്ത ഒരാള്‍ ശാന്തനായി അകത്തേക്ക് വന്ന് വെടിയുതിർക്കുകയായിരുന്നു എന്ന് അമ്മ തന്നോട് പറഞ്ഞതായി പരിക്കേറ്റ സ്ത്രീകളിൽ ഒരാളുടെ മകൾ പറഞ്ഞു.