കോഴിക്കോട്: മോഡൽ ഷഹാനയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിപ്പിക്കുമെന്നും അവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും പോലീസ്.
ഭർത്താവ് സജാദ് മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് പോലീസ് പറഞ്ഞിരുന്നു. ഷഹാന മരിച്ച ദിവസം സജാദ് ഷഹാനയെ മർദിച്ചതായി പരാതിയുണ്ടായിരുന്നുവെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദർശൻ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ സജാദിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബം രംഗത്തെത്തി. മരണത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ ഫോറൻസിക് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മരണവുമായി ബന്ധപ്പെട്ട് സജാദിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മെയ് 13നാണ് കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹാനയുടെ മരണം. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.