ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി കൗണ്ടിയിലെ സിയേന കോളേജിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ഒരു മുസ്ലിം പെണ്‍കുട്ടി. മെയ് 15 ഞായറാഴ്ച രാവിലെ എംവിപി അരീനയുടെ വേദിയിലൂടെ നടന്ന നൂറുകണക്കിന് ബിരുദധാരികളിൽ ഒരാളായിരുന്നു 17-ാം വയസ്സിൽ ഡിഗ്രി കരസ്ഥമാക്കിയ എൽഹാം മാലിക്.
ഏറ്റവും പ്രായം കുറഞ്ഞ സിയേന ബിരുദധാരിയായതില്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് “എനിക്കു തന്നെ അതിശയമായി തോന്നുന്നു, ഞാന്‍ ശരിക്കും ആവേശത്തിലാണ്” എന്നാണ് എല്‍ഹാമിന്റെ മറുപടി.
കം ലാഡ് ഓണേഴ്‌സോടെ (Cum Laude Honors) യാണ് എല്‍ഹാം ബിരുദം നേടിയത്. 14-ാം വയസ്സില്‍ കോളേജില്‍ ചേര്‍ന്ന എല്‍ഹാം മൂന്ന് വർഷം കൊണ്ട് മനഃശാസ്ത്ര ബിരുദം പൂർത്തിയാക്കി. “എനിക്ക് ആവശ്യമുള്ള സഹായം ഞാൻ ആവശ്യപ്പെടുമ്പോഴെല്ലാം എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ ഒഴിവാക്കപ്പെടുന്നതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, അല്ലെങ്കിൽ എനിക്കായി ഒരു ഇടമില്ല എന്ന് ഒരിക്കല്‍ പോലും തോന്നിച്ചിട്ടില്ല,” നിറപുഞ്ചിരിയോടെ എല്‍ഹാം പറയുന്നു.
സ്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ അധിക കോഴ്‌സുകൾ പഠിച്ച് ഡബിള്‍ പ്രൊമോഷനോടെയാണ് എല്‍ഹാം 14-ാം വയസ്സില്‍ തന്നെ ഹൈസ്കൂള്‍ പൂര്‍ത്തിയാക്കിയത്. വളരെ ചെറുപ്പത്തിൽ തന്നെ കൊളീജിയറ്റ് തലത്തിലെത്താൻ കഴിഞ്ഞതാണ് എല്‍ഹയെ വ്യത്യസ്ഥയാക്കിയത്. “കോളേജിലെ മൂന്ന് വർഷം എല്ലാം സാധാരണ നിലയിലായിരുന്നു, കോവിഡും കാമ്പസിലേക്കുള്ള മടക്കവും എല്ലാം അതില്‍ ഉള്‍പ്പെടുന്നു. അദ്ധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും നല്ല സഹകരണവും പ്രോത്സാഹനവും ലഭിച്ചു,” എല്‍ഹ പറഞ്ഞു.
“എന്റെ തുടക്കത്തിലുള്ള അനുഭവം ശരിക്കും വളരെ മികച്ചതായിരുന്നു. സിയേന കോളേജിലെ തുടക്കത്തില്‍ നല്ല അനുഭവങ്ങളായിരുന്നു. തുടര്‍ന്ന് കോവിഡ് വന്നു, ഞങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറിയതും എനിക്ക് കാണേണ്ടി വന്നു. ഈ വർഷം ഞങ്ങൾ അതിൽ നിന്ന് മോചനമായതും എനിക്ക് കാണാൻ കഴിഞ്ഞു. ആ രീതിയിലുള്ള മുഴുവൻ അനുഭവവും എനിക്ക് ലഭിച്ചു. പക്ഷെ, പഠനത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഞാന്‍ കാണിച്ചില്ല,” എല്‍ഹാം പറഞ്ഞു.
കോളേജിന് പുറത്ത് മുസ്ലീം സ്റ്റുഡന്റ് അസോസിയേഷന്റെ പ്രസിഡന്റായും എല്‍ഹാം പ്രവര്‍ത്തിച്ചു. കൂടാതെ, വാർഷിക സ്‌കോളർഷിപ്പ് പ്രോഗ്രാം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരാണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടികളുടെ നേതൃത്വം മുതലായവയിലും എല്‍ഹാം സജീവമായിരുന്നു.
സിയേന കോളേജിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി ഒരു വർഷം കൂടി കാമ്പസിൽ AmeriCorps VISTA ഫെലോ ആയി സേവനം ചെയ്യും.
ഒന്നാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ തന്നെ എല്‍ഹാമിന്റെ പഠന മികവ് സ്കൂള്‍ മനസ്സിലാക്കി രണ്ടാം ഗ്രേഡിലേക്കുള്ള പ്രൊമോഷനു പകരം മൂന്നാം ഗ്രേഡിലേക്കാണ് പ്രൊമോഷന്‍ നല്‍കിയത്. അപ്രകാരം ആറാം ഗ്രേഡില്‍ നിന്ന് ഏഴാം ഗ്രേഡിലേക്ക് പ്രൊമോട്ട് ചെയ്യുന്നതിനു പകരം എല്‍ഹാമിനെ എട്ടാം ഗ്രേഡിലേക്കാണ് സ്കൂള്‍ പ്രൊമോട്ട് ചെയ്തത്. പക്ഷെ, മാതാപിതാക്കൾ എല്‍ഹാമിനെ ആല്‍ബനി ഷേഖര്‍ ഹൈസ്കൂളില്‍ അഡ്മിഷന് ശ്രമിച്ചെങ്കിലും മറ്റു കുട്ടികളെ അപേക്ഷിച്ച് എല്‍ഹാമിന് രണ്ടു വയസ്സ് കുറവായതിനാല്‍ സ്കൂള്‍ അധികൃതര്‍ അഡ്മിഷന്‍ നല്‍കിയില്ല. മാതാപിതാക്കള്‍ എല്‍ഹാമിനെ ആല്‍ബനിയുടെ അടുത്ത പ്രദേശമായ സ്കെനക്റ്റഡിയിലെ ബ്രൈറ്റ് ഹോപ്പ് സെന്ററിൽ ചേര്‍ക്കുകയും, മൂന്ന് വർഷത്തിനുള്ളിൽ എല്‍ഹാം ബിരുദം നേടുകയും ചെയ്തു. അങ്ങനെയാണ് 14-ാം വയസ്സില്‍ സിയേന കോളേജില്‍ ചേര്‍ന്നതും മൂന്ന് വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കിയതും.
“ഞാൻ ഒരുപാട് നേരിട്ടുള്ള സാമൂഹ്യ സേവനങ്ങൾ ചെയ്തും, സൂപ്പ് കിച്ചണുകളിൽ സന്നദ്ധസേവനം ചെയ്തും വളർന്നതാണ്. സിയേന കോളേജ് എനിക്ക് ഒരു പുതിയ കാഴ്ചപ്പാടും ധാരണയും നൽകി,” എല്‍ഹാം മാലിക് പറഞ്ഞു.
ബിരുദ പഠനം തുടരാനാണ് എല്‍ഹാമിന്റെ ആഗ്രഹം. ഭാവിയില്‍ എന്തായിത്തീരണമെന്ന് കൃത്യമായ ധാരണ ഇപ്പോള്‍ ഇല്ലെങ്കിലും, സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് എല്‍ഹാം പറഞ്ഞു. സാമൂഹ്യസേവനത്തോടുള്ള അഭിനിവേശം ഉള്ളതുകൊണ്ട് മികച്ചതായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടെന്ന് എല്‍ഹാമിന്റെ സംസാരഭാഷയില്‍ നിന്ന് മനസ്സിലാക്കാം. ആ അഭിനിവേശമാണ് എല്‍ഹാമിനെ സിയേന കോളേജ് തിരഞ്ഞെടുക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്.
എല്‍ഹാമിന്റെ മാതാപിതാക്കള്‍ പാക്കിസ്ഥാനി മുസ്ലീം കുടിയേറ്റക്കാരാണ്. കുട്ടിക്കാലത്തുതന്നെ മാതാപിതാക്കളില്‍ നിന്ന് ലഭിച്ച അറിവും പരിജ്ഞാനവുമാണ് എല്‍ഹാമിനെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ പ്രേരിപ്പിച്ചത്. അവരുടെ അചഞ്ചലമായ വിശ്വാസമാണ് ഇതര മതവിശ്വാസികളുമായി കൂടുതല്‍ അടുക്കാനും അവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനും എല്‍ഹാമിനെ പ്രചോദിപ്പിച്ചത്.
“കുട്ടിക്കാലത്തുടനീളം വ്യത്യസ്ത വേദികളിലും വ്യത്യസ്ത ആളുകൾക്ക് വേണ്ടിയും ക്രിസ്തുമസ് ഡിന്നര്‍ ഒരുക്കാനും അത് വളരെ സ്നേഹത്തോടെ വിതരണം ചെയ്യാനും മാതാപിതാക്കളുടെ കൂടെ താനും സജീവമായത് എല്‍ഹാന്‍ ഓര്‍ക്കുന്നു. പള്ളികൾ, സിനഗോഗുകൾ, ക്ഷേത്രങ്ങൾ എന്നിവയില്‍ മാതാപിതാക്കള്‍ സജീവമായി പ്രവർത്തിക്കുന്നു. ഇസ്‌ലാമിന്റെ സ്‌നേഹമൂല്യങ്ങൾ വെറുപ്പിന്മേൽ വിജയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,” എല്‍ഹാം പറഞ്ഞു.