പാലക്കാട്: 2013ൽ എപി സുന്നി വിഭാഗത്തിലെ രണ്ട് സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ കല്ലങ്കുഴിയിലെ 25 മുസ്ലീം ലീഗുകാർക്ക് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ വീതം പിഴയടക്കാനും ജഡ്ജി ടിഎച്ച് രജിത നിർദേശിച്ചു.
കേസിൽ 27 പ്രതികളാണുള്ളത്. നാലാം പ്രതി ചീനൻ ഹംസപ്പ വിചാരണയ്ക്കിടെ മരിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത പ്രതികളിലൊരാൾക്കെതിരെ ജുവനൈൽ കോടതിയിൽ കേസ് നിലവിലുണ്ട്. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് മെയ് 11ന് കോടതി പ്രഖ്യാപിച്ചു.
മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ സഹോദരങ്ങളായ സിപിഎം പ്രവര്‍ത്തകര്‍ പള്ളത്ത് നൂറുദ്ദീന്‍ (40), ഹംസ (കുഞ്ഞുഹംസ, 45) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദ് (66) സംഭവത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് കേസിലെ പ്രധാന സാക്ഷികളിലൊരാളാവുകയും ചെയ്തു. മുസ്ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സി.എം. സിദ്ദിഖാണ് കേസിലെ ഒന്നാം പ്രതി.
പാലക്കാപ്പറമ്പില്‍ അബ്ദുള്‍ ജലീല്‍, തൃക്കളൂര്‍ കല്ലാങ്കുഴി പലയക്കോടന്‍ സലാഹുദ്ദീന്, മങ്ങാട്ടുതൊടി ഷമീര്‍, അക്കിയപാടം കത്തിച്ചാലില്‍ സുലൈമാന്‍, മാങ്ങോട്ടുത്തൊടി അമീര്‍, തെക്കുംപുറയന്‍ ഹംസ, ചീനത്ത് ഫാസില്‍, തെക്കുംപുറയന്‍ ഫാസില്‍, എം.റാഷിദ് , ഇസ്മായില്‍, ഷിഹാബ്, മുസ്തഫ, നാസര്‍, ഹംസ, സലിം, നൗഷാദ്, സെയ്താലി, താജുദ്ദീന്, ഷഹീര്‍, അംജാദ്, മുഹമ്മദ് മുബഷീര്‍, മുഹമ്മദ് മുഹസിന്, നിജാസ്, ഷമീം, സുലൈമാന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍.
കല്ലങ്കുഴി ജുമാമസ്ജിദിലെ ഫണ്ട് ശേഖരണവും വിനിയോഗവും സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി സി കൃഷ്ണൻ നാരായണൻ ഹാജരായി.
ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും രാഷ്ട്രീയ, വ്യക്തി വിരോധവുമാണ് കൊലപാതകത്തിനു കാരണമായതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.