റിയാദ്: 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിൽ തിങ്കളാഴ്ച സൗദി അറേബ്യയിലെ ഡോക്ടർമാർ യെമന്‍ ഇരട്ടക്കുട്ടികളെ വിജയകരമായി വേർപെടുത്തി.
യൂസഫ്, യാസിന്‍ എന്നു പേരുള്ള ഇരട്ട ആണ്‍കുട്ടികളെ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്. ശസ്ത്രക്രിയക്ക് 24 ഡോക്ടർമാരെങ്കിലും പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.
നാല് ഘട്ടങ്ങളിലായാണ് ഓപ്പറേഷൻ നടത്തിയത്. തങ്ങള്‍ ഇതുവരെ നടത്തിയ ശസ്ത്രക്രിയകളില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ശസ്ത്രക്രിയകളിലൊന്നായിരുന്നു ഇതെന്ന് ഒരു ഡോക്ടറെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഒരു ദശാബ്ദത്തിലേറെയായി യെമൻ യുദ്ധക്കെടുതിയില്‍ പ്രയാസപ്പെടുന്ന രാജ്യമാണ്. ഭക്ഷണത്തിന്റെയും മറ്റ് അടിസ്ഥാന ആവശ്യങ്ങളുടെയും അഭാവം മൂലം കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നത് രാജ്യത്തെ കുട്ടികളാണ്.
2021 ഡിസംബറിൽ, അമ്മാനിലെ ഡോക്ടർമാർ മറ്റൊരു കൂട്ടം ഇരട്ടകളെ വേർപെടുത്തിയിരുന്നു. തുടർന്ന് അവരെ സനയിലേക്ക് അയച്ചതായി യൂണിസെഫ് അറിയിച്ചു.