റിയാദ് : സൗദി അറേബ്യയിൽ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയ യമനി ഇരട്ടകുട്ടികളില്‍ ഒരു കുട്ടി മരിച്ചു. സങ്കീർണ്ണമായ 15 മണിക്കൂർ ശസ്ത്രക്രിയയ്ക്ക് ശേഷം തിങ്കളാഴ്ച വൈകുന്നേരം മരിച്ചതായി സൗദി പ്രസ് ഏജൻസി (എസ്‌പിഎ) റിപ്പോർട്ട് ചെയ്തു.
19 മാസം പ്രായമുള്ള ആൺകുട്ടികളായ യൂസഫും യാസിനും മെയ് 15 ഞായറാഴ്ചയാണ് സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് വിധേയരായത്. സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് 15 മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
ഡോക്ടര്‍മാരുടെ സൂക്ഷ്മനിരീക്ഷണമുണ്ടായിട്ടും രക്തചംക്രമണം ഗണ്യമായി കുറയുകയും ഹൃദയസ്തംഭനം മൂലം ഇരട്ടക്കുട്ടികളിൽ ഒരു കുട്ടി മരിക്കുകയും ചെയ്തു.
രണ്ടാമത്തെ കുട്ടി നിലവിൽ സുഖം പ്രാപിച്ചെങ്കിലും റിയാദിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
വേർപെടുത്തുന്ന പ്രക്രിയയിൽ സൗദി ശസ്ത്രക്രിയാ സംഘം വലിയ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിട്ടു.
കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ ആക്ഷൻ (കെഎസ്ആർ റിലീഫ്) ന്റെ ഭാഗമായുള്ള ഓപ്പറേഷനിൽ ഡോ. മുതാസിം അൽ സുഗൈബിയുടെ നേതൃത്വത്തിലുള്ള 24 ഡോക്ടർമാരുടെ സംഘം പങ്കെടുത്തു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, യെമനിലെ തെക്ക്-കിഴക്കൻ ഹദ്രമാവ് പ്രവിശ്യയിലെ ദരിദ്രമായ അൽ ട്രായിസ് ഗ്രാമത്തിലെ ഒരു മൺ ഇഷ്ടിക വീട്ടിലാണ് ഇരട്ടകളുടെ കുടുംബം താമസിക്കുന്നത്.
2021 മെയ് മാസത്തിൽ, സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഈ ആൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും ചികിത്സയ്ക്കായി എല്ലാ ചെലവും വഹിച്ച് സൗദി അറേബ്യയിലേക്ക് കൊണ്ടുവരികയായിരുന്നു.