പ്രളയ ഭീതിയില്‍ സംസ്ഥാനം; അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ ജനങ്ങളെ പ്രളയഭീതിയിലാഴ്ത്തുന്നു. മുൻവർഷങ്ങളിലെ പ്രളയം കേരളത്തെ ഏറെ ബാധിച്ചിരുന്നു. നദികൾ, തോടുകൾ, ചാലുകള്‍ എന്നിവയില്‍ അസാധാരണമാം വിധം ജലനിരപ്പ് ഉയരുമ്പോള്‍ ജനവാസ മേഖലകളില്‍ സാധാരണയായി വെള്ളപ്പൊക്കമുണ്ടാകുന്നു.

സംസ്ഥാനത്തെ പ്രളയത്തിന് പിന്നിൽ പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന ഇടപെടലുകൾ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. ദേശീയ ശരാശരിയേക്കാൾ 3000 മില്ലിമീറ്ററിലധികം മഴയാണ് കേരളത്തിൽ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ മനുഷ്യന്റെ ഇടപെടൽ മൂലം പ്രകൃതിയുടെ ജൈവഘടനയിൽ വന്ന മാറ്റം സംസ്ഥാനത്ത് മഴക്കാലത്ത് ദുരന്തമാണ് സൃഷ്ടിക്കുന്നത്.

അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ കനത്ത മഴയുടേയും കാലാവസ്ഥാ മുന്നറിയിപ്പിന്‍റെയും പശ്ചാത്തലത്തില്‍ ഇത്തവണ റവന്യൂ വകുപ്പ് തങ്ങളുടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള നോഡല്‍ ഡിപ്പാര്‍ട്ടുമെന്റുകൂടിയാണ് കേരളത്തില്‍ റവന്യൂ-ദുരന്ത നിവാരണ വകുപ്പ്.

മഴ കനക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശങ്ങളാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ വകുപ്പുമായി സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു. കൊവിഡ് ഭീഷണി പൂര്‍ണമായും ഒഴിയാത്ത സഹചര്യത്തില്‍ മുന്‍കരുതലുകള്‍ ഏറെ പ്രധാനമാണ്. ദുരന്ത സാധ്യതാമേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കണം.

എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍

1. ഒരു കുപ്പി കുടിവെള്ളം (ഒരു വ്യക്തിക്ക് ഒരു ദിവസം ചുരുങ്ങിയത് ഒരു ലിറ്റര്‍ വെള്ളം എന്ന കണക്കില്‍)

2. പെട്ടെന്ന് നാശമാകാതെ ഉപയോഗിക്കാന്‍ കഴിയുന്ന ലഘു ഭക്ഷണപദാര്‍ഥങ്ങള്‍ (ഉദാ: കപ്പലണ്ടി, ഉണക്ക മുന്തിരി, നിലക്കടല, ഈന്തപ്പഴം, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവ).

3. ഫസ്റ്റ് എയ്ഡ് കിറ്റ്. മുറിവിന് പുരട്ടാനുള്ള മരുന്ന് പോലെയുള്ള എപ്പോഴും ആവശ്യം വന്നേക്കാവുന്ന മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. ഇത് കൂടാതെ സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികള്‍ വീട്ടിലുണ്ടെങ്കില്‍ അവരുടെ മരുന്ന് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയുള്ളവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ എമര്‍ജന്‍സി കിറ്റിലും സൂക്ഷിക്കണം. ഇവ കൂടാതെ ക്ലോറിന്‍ ഗുളികകളും സൂക്ഷിക്കണം.

4. ആധാരം, ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകള്‍ ഒരു കവറില്‍ പൊതിഞ്ഞ് എമര്‍ജന്‍സി കിറ്റില്‍ ഉള്‍പ്പെടുത്തണം.

5. ദുരന്ത സമയത്ത് നല്‍കപ്പെടുന്ന മുന്നറിയിപ്പുകള്‍ യഥാസമയം കേള്‍ക്കാന്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു റേഡിയോ കരുതണം.

6. വ്യക്തി ശുചിത്വത്തിനാവശ്യമായ സാനിറ്ററി പാഡ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ് തുടങ്ങിയവ കരുതണം

7. ഒരു ജോഡി വസ്ത്രം.

8. വീട്ടില്‍ ഭിന്നശേഷിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍.

9. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്ന ഘട്ടത്തില്‍ ഉപയോഗിക്കാന്‍ മെഴുകുതിരിയും തീപ്പെട്ടിയും, അല്ലെങ്കില്‍ പ്രവര്‍ത്തന സജ്ജമായ ടോര്‍ച്ചും ബാറ്ററിയും.

10. രക്ഷാപ്രവര്‍ത്തകരെ ആകര്‍ഷിക്കുന്നതിനായി വിസില്‍.

11. അവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ കത്തിയോ ബ്ലെയ്ഡോ.

12. മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, പവര്‍ ബാങ്ക്

13. കൊവിഡ് 19 പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി സാനിറ്റൈസറും സോപ്പും മാസ്‌കുംശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍മായി ഒഴിവാക്കുക. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/ പോസ്റ്റുകള്‍/ ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്.

അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച, ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ https://www.weather.gov/safety/wind-ww എന്ന ലിങ്കില്‍ ലഭ്യമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ പെയ്‌ത്ത് തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്‌ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

Print Friendly, PDF & Email

Leave a Comment

More News