(കാരൂര്‍ സോമന്‍റെ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ സ്പെയിന്‍ യാത്രാവിവരണത്തില്‍ നിന്ന്)
യാത്രകള്‍ ലോകത്തെയറിയാനാണ്. അത് ഭൂതകാലത്തെ ഇളക്കിമാറ്റി വര്‍ത്തമാന കാലത്തേ പ്രതിഷ്ഠിക്കുന്നു. പടിഞ്ഞാറേ ചക്രവാളം പഴുപ്പിച്ച ഇരുമ്പോലെപോലെ തിളങ്ങി നില്‍ക്കുമ്പോഴാണ് യാതൊരു കുണ്ടും കുഴിയുമില്ലാത്ത റോഡിലൂടെ ടാക്സി ഡ്രൈവര്‍ ഞങ്ങളെ ഹോട്ടല്‍ കോണ്‍വെന്‍ഷന്‍ ഡിഒഡോണിലെത്തിച്ചത്. ചെരിപ്പില്ലാതെയും യാത്ര ചെയ്യാവുന്ന തെരുവീഥികള്‍. കേരളത്തെപ്പറ്റി ലോകാപവാദമുള്ളത് യാത്രികര്‍ക്ക് സഞ്ചരിക്കാന്‍ പലയിടത്തും യോഗ്യമായ റോഡുകള്‍, ഭക്ഷണ ശാലകള്‍ ഇല്ലെന്നാണ്. സഞ്ചാരികളുടെ പറുദീസയായ യൂറോപ്യന്‍ രാജ്യങ്ങളെപോലെ കേരളവും പുരോഗമിക്കേണ്ടത് പടുത്തുയര്‍ത്തേണ്ടത് വന്യവും സുന്ദരവുമായ തിളക്കമാര്‍ന്ന റോഡുകളാണ്. പകല്‍ വിടവാങ്ങിയപ്പോള്‍ ലജ്ജാവതിയായ സന്ധ്യ നേര്‍ത്ത കറുപ്പും നീലയുമുള്ള നിറങ്ങളുമായിട്ടെത്തി ഇരുളിനെ പുണരാന്‍ കാത്തിരുന്നു. ഇനിയും വരാനിരിക്കുന്നത് ആശത്തു് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാണ്. സുഖനിദ്രയില്‍ നിന്നുണരുമ്പോള്‍ കാണുന്ന കാഴ്ച്ച ഹോട്ടലിന് മുന്നിലെ പൂക്കളില്‍ നിന്ന്ഒലിച്ചിറങ്ങുന്ന തെളിനീരു പോലുള്ള മഞ്ഞിന്‍ കണങ്ങളാണ്. ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നന്നേ യാത്രാക്ലേശം അനുഭവപ്പെട്ടു. നീന്തല്‍കുളത്തില്‍ നീന്തിക്കുളിക്കുന്നതു പോലെ ചൂടു വെള്ളത്തില്‍ കുളിച്ചിറങ്ങിയപ്പോള്‍ മനസ്സിനാകെ നവോേന്മേഷമുണ്ടായി. ഹോട്ടല്‍ റസ്റ്ററന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ചെത്തിയ ഞങ്ങള്‍ അടുത്ത ദിവസത്തെ യാത്ര ആര്‍ട്ട്ഗാലറിയായ തൈസെന്‍ ബോസ്സിനെ മിസ മ്യൂസിയത്തിലേക്ക് തീര്‍ച്ചപ്പെടുത്തി. ഭൂമിയും നിലാവും ഞാനും ഭാര്യയും പ്രണയലഹരിയില്‍ നീരാടിക്കൊണ്ടിരിക്കെ പ്രഭാത നിലാവിനെ പ്രണയിക്കാന്‍ ഉദയ സൂര്യനെത്തി. സുര്യനെ ആദരപൂര്‍വ്വം വണങ്ങി എഴുന്നേറ്റു.
പ്രഭാത ഭക്ഷണങ്ങള്‍ കഴിച്ചിട്ട് അടുത്തുള്ള ഒഡോണല്‍ ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് സിബെലെ സ്റ്റേഷനിലേക്ക് ട്രെയിന്‍ കയറി. അവിടെനിന്ന് നടന്നെത്തിയത് തൈസെന്‍ ബോസ്സിനെമിസമ്യൂസിയത്തിലാണ്. മുന്‍ഭാഗം കണ്ടാല്‍ പഴയെ ഒരു രാജകൊട്ടാരത്തിന്‍റെ പ്രതീതിയാണ്. മുന്നില്‍ ഉദ്യാനമുണ്ട്. മുകളിലേക്ക് കണ്ണുകളുയര്‍ത്തി നോക്കി. മൂന്ന് നിലകളുടെ വര്‍ണ്ണഭംഗി തിളങ്ങുന്നു. കൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ ശയിക്കുന്നത് കലാസൃഷ്ഠികളാണ്. ഒരേ നിറത്തിലും രൂപത്തിലുമുള്ള ജനാലകള്‍ മുകളില്‍ നിന്ന് താഴേക്ക് നില്‍ക്കുന്നത് കണ്ടാല്‍ ഇവരുടെ വാസ്തുശില്പി മഹിമ ആരിലും ആനന്ദാശ്രു നിറയ്ക്കും. ആകാശം വിളറി വെളുത്തു നിന്നു. ടിക്കറ്റ് ഓണ്‍ലൈനായി എടുത്തത് പരിശോധകരെ കാണിച്ച് അകത്തു കടന്നു. അകത്തളങ്ങളില്‍ മഴവില്ലൊളി ചിതറുന്ന ചിത്ര-ശില്പങ്ങള്‍ എങ്ങും പ്രഭ പരത്തുന്നു. സഞ്ചാരികളുടെ കൂട്ടത്തില്‍ ഒരു ഗര്‍ഭിണി മന്ദംമന്ദം അതിരറ്റ ആനന്ദത്തോടെ മുന്നോട്ട് നടന്നുപോകുന്നത് നോക്കി നിന്നു. അതോര്‍ത്തപ്പോള്‍ എന്‍റെ മനസ്സൊന്ന് വിളറി. അവരുടെ ഭര്‍ത്താവോ അതോ കാമുകനോ ഒപ്പമുള്ളത് നന്നായി. മനസ്സില്‍ അശുഭ ചിന്ത വളര്‍ന്നത് ഈ ഗര്‍ഭിണി വെണ്ണ പോലുള്ള തറയില്‍ കാലൊന്ന് തെറ്റിവീണാല്‍ എന്താകും?
ഈ സമയംഎന്‍റെ മനസ്സിലേക്ക് വന്നതി വിശ്വ പ്രസിദ്ധങ്ങളായ വത്തിക്കാനിലെ സിസ്റ്റയിന്‍ ചാപ്പല്‍, ഫ്ലോറെന്‍സ്, വിയന്ന, പാരീസ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, ജര്‍മ്മനി, വിയന്ന, ഫിന്‍ലന്‍ഡ് തുടങ്ങിയ ധാരാളം ദേശങ്ങളിലെ ആര്‍ട്ട് ഗാലറികളിലെ വര്‍ണ്ണോജ്വല ചിത്ര ശില്പങ്ങളാണ്. അവിടെ കണ്ട കലയുടെ മായാപ്രപഞ്ചമാണ് ഇവിടെയുമുള്ളത്. മാഡ്രിഡിലെ പ്രധാന ആര്‍ട്ട് മ്യൂസിയമാണ് തൈസെന്‍-ബോര്‍നെ മിസ ദേശീയ മ്യൂസിയം, അല്ലെങ്കില്‍ ത്യ്സെന്‍, നഗരത്തിലെ പ്രധാന ബൊളിവാര്‍ഡുകളിലൊന്നില്‍ പ്രാഡോ മ്യൂസിയത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ‘കലയുടെ സുവര്‍ണ്ണ ത്രികോണം’ എന്നും ഈ മ്യൂസിയം അറിയപ്പെടുന്നു. അതില്‍ പ്രാഡോയും റീന സോഫിയ ദേശീയ ഗാലറികളും ഉള്‍പ്പെടുന്നു. അകത്തെങ്ങും കലാസൃഷ്ഠികളുടെ സൗന്ദര്യം മാത്രമല്ല ശാസ്ത്രത്തിന്‍റെ ആധുനിക ശില്പഭംഗിയാലും ശോഭിക്കുന്നു. ഇവിടുത്തെ കലാശാസ്ത്ര മേഖലയിലുള്ളവരുടെ ഭാവനകള്‍ക്ക് മുന്നില്‍ നമിച്ചു നില്‍ക്കാനേ സാധിക്കുന്നുള്ളൂ.
അഗാധ പരിജ്ഞാനമുള്ള ഭരണാധിപന്മാര്‍, കലാപ്രതിഭകളുടെ ചിത്രങ്ങളെ കണ്ടുകൊണ്ടാകണം ലോകത്തുള്ള പ്രമുഖ ആര്‍ട്ട്ഗാലറിയായി തൈസെന്‍ ബോര്‍നെമിസയെ കലാലോകം കണ്ടത്. യൂറോപ്പിന്‍റെ ചരിത്രം വിളിച്ചോതുന്ന പതിമൂന്നാം നൂറ്റാണ്ടിലെ ഗോഥിക് പെയിന്‍റിംഗുകള്‍ മുതല്‍ ഇരുപതാം നൂറ്റാണ്ടിലെ പോപ്പ് ചിത്രങ്ങളടക്കം ആയിരത്തിഅറുന്നുറിലധികം ചിത്രങ്ങള്‍ ഇതിനുള്ളില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്പെയിനിലെ പ്രമുഖ കലാശേഖരങ്ങളില്‍ ഒന്നാണിത്. പ്രമുഖ ചിത്രകാരന്മാരായ വാന്‍ ഗോഗ്, ഗോയ, പിക്കാസോ തുടങ്ങിയവരുടെ ലോകോത്വര സൃഷ്ഠികളും ഇവിടെയുണ്ട്. കലാസാഹിത്യത്തോടുള്ള കടുത്ത പ്രണയമാണ് ബാരണ്‍ ഹെന്‍റിച്ച് തൈസെന്‍-ബോര്‍നെമിസയും അദ്ദേഹത്തിന്‍റെ മകന്‍ ഹാന്‍സ് ഹെന്‍റിച്ചും ചേര്‍ന്ന് ശേഖരിച്ച അതിമനോഹരങ്ങളായ ചിത്രങ്ങള്‍ ഈ മ്യൂസിയത്തില്‍ വിരിഞ്ഞു നില്‍ക്കുന്നു.
ഈ മ്യൂസിയം ആദ്യം സ്ഥാപിച്ചത് 1992-ല്‍ മാഡ്രിഡിലെ വില്ലഹെര്‍മോസ കൊട്ടാരത്തിലാണ്. ആരാധകരുടെ എണ്ണം വര്‍ധിച്ചതോടെ തുച്ഛമായ വില വാങ്ങി രാജ്യത്തിന് സമര്‍പ്പിച്ചു. ഓരോ ചിത്രങ്ങള്‍ ചിറകുകള്‍ മുളച്ചു പറക്കുന്നതായി തോന്നി. 2004-ലാണ് ഇത് പൊതുജനത്തിനായി തുറന്നു കൊടുത്തത്. ഓരോ ഗാലറികളും വ്യത്യസ്തങ്ങളായ കാഴ്ചകളാണ് നല്‍കുന്നത്. മ്യൂസിയത്തില്‍ പൂച്ചട്ടികള്‍, കുഞ്ഞുമരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. അതിരറ്റ ആശ്ചര്യവും ജിജ്ഞാസയുമുണ്ടായി. ചിത്രങ്ങളെല്ലാം മനസ്സിന് കുളിര്‍മ്മ നല്‍കുന്നു. സഞ്ചാരികള്‍ ചിത്രങ്ങള്‍ കണ്ട് നടക്കുന്നതിനിടയില്‍ ഒരു യുവാവും യുവതിയും വെമ്പല്‍ പൂണ്ട് കവിളില്‍ മുട്ടിയുരുമ്മി മുന്നോട്ട് പോയി. ആദ്യം കണ്ട ഗര്‍ഭിണി മനസ്സില്‍ വന്നു. ഇവര്‍ എവിടെയെങ്കിലും തട്ടിവീഴുമോ?
അദ്ധ്യാപര്‍ക്കൊപ്പം കുട്ടികളെയും കണ്ടു. അവര്‍ മിഴികള്‍ വിടര്‍ത്തി അദ്ധ്യാപകര്‍ പറഞ്ഞു കൊടുക്കുന്നത് ശ്രദ്ധയോടെ കേള്‍ക്കുന്നു. ചെറു പ്രായം മുതല്‍ കുട്ടികള്‍ അഭ്യസിക്കുന്നത് കലാസാഹിത്യജ്ഞാനഭണ്ഡാഗാരമാണ്. നമ്മുടെ കേരളം അഭ്യസിക്കുന്നത് മാജിക് സിനിമകളിലാണ്. ജ്ഞാനത്തെ അവഗണിക്കുന്നതിനാല്‍ സന്മാര്‍ഗ്ഗത്തില്‍ നിന്ന് കുട്ടികള്‍ വ്യതിചലിക്കുന്നു. ഏറെ നേരം അവരെ നോക്കി നില്‍ക്കുന്നത് കണ്ട് മകള്‍ സിമ്മി എന്നെ വിളിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ഇതുപോലെ കാന്തി പകരുന്ന ചിത്രങ്ങള്‍, ശില്പങ്ങള്‍ കാണാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പോകേണ്ടി വരുന്നു. ഏറ്റവും മുകളിലെ നിലയില്‍ പതിനേഴാം നൂറ്റാണ്ടിലെ ആദ്യകാല ഇറ്റാലിയന്‍ കലകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു, ഒന്നാം നിലയില്‍ കാണുന്നത് പതിനേഴാം നൂറ്റാണ്ടിലെ ഡച്ച്, ജര്‍മ്മന്‍ കലകളാണ്. പുറത്ത് വൃക്ഷ ലതാദികളുടെ ഹരിതാഭ ശോഭയെങ്കില്‍ അകത്തുള്ളത് പ്രഭാതത്തിന്‍റെ അരുണിമ കലര്‍ന്ന നിറച്ചാര്‍ത്തുള്ള ചിത്രങ്ങളാണ്. ഏറ്റവും താഴെയുള്ള നിലയില്‍ പത്തൊന്‍മ്പത് ഇരുപതാംനൂറ്റാണ്ടിലെ പെയിന്‍റിംഗുകള്‍ ആണ്. എന്‍റെ മിഴികള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോയ്ക്കൊണ്ടിരിന്നു. വിവിധ നിറങ്ങളാല്‍ താരും തളിരുമണിഞ്ഞു നില്‍ക്കുന്ന പൂന്തോട്ടം. മുന്‍പ് ബ്രിട്ടീഷ് റോയല്‍ ശേഖരം കഴിഞ്ഞാല്‍ ഇത് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ശേഖരമായിരുന്നു. ഏത് ചിത്രമെടുത്താലും കലയുടെ പ്രകാശവര്‍ഷം മാത്രമല്ല ഒഴുകി പരക്കുന്നത് അതിനൊപ്പം ജീവിതത്തിന്‍റെ നീരൊഴുക്കുകളാണ്.