തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധിയിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാടിനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഒരു സ്ഥാപനത്തിന്റെ കാര്യക്ഷമതയില്ലായ്മ പരിഹരിക്കാൻ നികുതിദായകന്റെ പണം ചെലവഴിക്കാനാവില്ലെന്ന് പറഞ്ഞു.
കെഎസ്ആർടിസിയുടെ മുഴുവൻ ഭാരവും ഒരു സർക്കാരിനും ഏറ്റെടുക്കാനാകില്ലെന്ന് ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. പഠന റിപ്പോർട്ടിൽ നിർദേശിച്ച ഘടനാപരമായ പരിഷ്‌കാരങ്ങൾ നടപ്പാക്കിയാൽ ഗതാഗത മേഖലയിലെ പ്രതിസന്ധി മറികടക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“കെഎസ്ആർടിസിയിലെ നിലവിലെ യാഥാർത്ഥ്യങ്ങൾ കണക്കിലെടുത്താണ് വിവിധ കോണുകളിൽ നിന്നുള്ള ഇടപെടലുകൾ. പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്നതിനർത്ഥം കാര്യക്ഷമതയില്ലായ്മയെ പിന്തുണയ്ക്കുക എന്നല്ല,” അദ്ദേഹം പറഞ്ഞു. പ്രതിസന്ധി മറികടക്കാനുള്ള നടപടികളുമായി മുന്നോട്ടുവരേണ്ടത് ഗതാഗത വകുപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ട്രാൻസ്‌പോർട്ട് വകുപ്പില്‍ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ട്രേഡ് യൂണിയനുകൾ അനുവദിക്കുന്നില്ലേ എന്ന ചോദ്യത്തിന്, ട്രേഡ് യൂണിയനുകൾ എല്ലായ്‌പ്പോഴും സംഘടനയുടെ ക്ഷേമത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രേഡ് യൂണിയനുകൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാം. ആ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താണ് പരിഷ്‌കാരങ്ങൾ നടപ്പാക്കേണ്ടതെന്നും പിണറായി പറഞ്ഞു.