മലപ്പുറം: മൈസൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പാരമ്പര്യ വൈദ്യന്‍ ഷബാ ഷെരീഫിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം വെള്ളിയാഴ്ചയും തെളിവെടുപ്പ് തുടർന്നു. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിനെയും സഹായി നടുത്തൊടിക നിഷാദിനെയും എടവണ്ണ സീതി ഹാജി പാലത്തിലെത്തിച്ച സംഘം, അവിടെനിന്ന് കൊലപാതകത്തിന് ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ചാലിയാർ പുഴയിലേക്ക് വലിച്ചെറിഞ്ഞ സ്ഥലം വിരലടയാള വിദഗ്‌ധര്‍, ബോട്ട് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായി അഗ്നി ശമന സേന, ദുരന്ത നിവാരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇ.ആര്‍.എഫ് എന്നിവരുടെ സഹകരണത്തോടെയാണ് തെളിവെടുപ്പ് നടത്തുന്നത്. മൃതദേഹാവശിഷ്‌ടം കണ്ടെത്താനായി ചാലിയാര്‍ പുഴയില്‍ ഇന്ന് നാവിക സേന പരിശോധന നടത്തും.
“ഞങ്ങൾ ഷബാ ഷെരീഫിന്റെ ശരീരഭാഗങ്ങളും, നദിയിൽ നിന്ന് മൃതദേഹം കഷണങ്ങളാക്കാൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. നേവിയുടെ സഹായത്തോടെ ശനിയാഴ്ചയും പ്രദേശത്ത് തെളിവെടുപ്പ് തുടരുമെന്ന് നിലമ്പൂർ ഇൻസ്‌പെക്ടർ വിഷ്ണു പി. പറഞ്ഞു.
കേസിലെ മറ്റൊരു പ്രതി തങ്കലകത്ത് നൗഷാദിന്റെ സഹായത്തോടെ പോലീസ് സംഘം ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ നിന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.
ഷാബാ ഷെരീഫിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് ചാക്കിലാക്കി കാറില്‍ കൊണ്ടുപോയി ചാലിയാര്‍ പുഴയുടെ എടവണ്ണ സീതിഹാജി പാലത്തിന് സമീപം തള്ളുകയായിരുന്നുവെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. ഇന്നലെ നടന്ന തെളിവെടുപ്പിൽ പാലത്തിന്‍റെ മൂന്നാം തൂണിന് സമീപത്തു നിന്നും മൃതദേഹം അടങ്ങിയ പ്ലാസ്റ്റിക് ചാക്ക് വലിച്ചെറിഞ്ഞ ഭാഗം ഷൈബിന്‍ അഷ്റഫ് പൊലീസിന് കാണിച്ചു കൊടുത്തിരുന്നു.
മൃതദേഹാവശിഷ്ടം നിർണായക തെളിവ്: ഈ ഭാഗത്ത് വിരലടയാള വിദഗ്‌ധര്‍ പരിശോധന നടത്തി. ഫയര്‍ഫോഴ്‌സ് മൂന്ന് ബോട്ടുകളിലായി ചാലിയാറില്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മൃതദേഹം ചെറിയ കഷ്‌ണങ്ങളാക്കി വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞതിനാല്‍ അവശിഷ്‌ടങ്ങള്‍ കണ്ടെത്തല്‍ ഏറെ ശ്രമകരമാണ്.
രണ്ട് വര്‍ഷത്തിനിടെ പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായതിനാലും ദൗത്യം വിജയകരമാവുമോയെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ മൃതദേഹാവശിഷ്ടം കണ്ടെത്താനായാല്‍ കൊലപാതകത്തിന് നിര്‍ണായക തെളിവാകും. ഈ സാഹചര്യത്തിലാണ് പുഴയില്‍ മുങ്ങി തിരയാന്‍ നാവികസേനയുടെ സഹായം തേടുന്നത്. നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ എബ്രാഹം, നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടർ പി വിഷ്‌ണു, എടവണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മജീദ്, തിരുവാലി ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ചാലിയാര്‍ പുഴയില്‍ മൃതദേഹം തള്ളിയ എടവണ്ണ പാലത്തില്‍ നടത്തിയ തെളിവെടുപ്പിന് ശിഹാബുദീനെ കൊണ്ടുപോയിരുന്നില്ല. മൃതദേഹം പുഴയിൽ തട്ടിയ സംഘത്തില്‍ ഷിഹാബുദീന്‍ ഉണ്ടായിരുന്നില്ലെന്നാണ് നേരത്തെ കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പ് നടത്തിയ പ്രതി നൗഷാദ് പൊലീസിന് നല്‍കിയ മൊഴി. ഇതേ തുടര്‍ന്നാണ് ചാലിയാര്‍ പുഴയിലെ തെളിവെടുപ്പില്‍ നിന്ന് ഷിഹാബുദീനെ ഒഴിവാക്കിയത്.
പുഴയില്‍ വിദഗ്‌ധ പരിശോധനനേരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വാങ്ങിയ മറ്റൊരു പ്രതി നൗഷാദിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും മൃതദേഹം തള്ളിയതായി സംശയിക്കുന്ന ചാലിയാര്‍ പുഴയുടെ എടവണ്ണ സീതി ഹാജി പാലത്തിന് സമീപം എത്തിച്ചിരുന്നില്ല. മൃതദേഹം കൊണ്ടുപോയ ഷൈബിന്‍റെ വാഹനത്തിന് പിറകെ മറ്റൊരു വാഹനത്തിലായിരുന്നു താനെന്നും നൗഷാദ് മൊഴി നല്‍കിയിരുന്നു.
കസ്റ്റഡിയിലുള്ള പ്രതി ഷിഹാബുദീനുമായി നിലമ്പൂര്‍ പൊലീസ് കൊല ചെയ്യപ്പെട്ട ഷാബാ ഷെരീഫിന്‍റെ മൈസൂരിലെ വീട്ടിലും ഇയാളെ താമസിപ്പിച്ച മൈസൂരുവിലെ ലോഡ്‌ജിലും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ഷിഹാബുദീനാണ് ബൈക്കില്‍ എത്തി ഷാബാ ഷെരീഫിനെ വീട്ടില്‍ നിന്നും കൊണ്ടുപോയത്. കഴിഞ്ഞ ദിവസം വയനാട് ബത്തേരിയിലെ ഷൈബിന്‍റെ രണ്ട് വീടുകളിലും മത്സ്യവ്യാപാരം നടത്തിയിരുന്ന സ്ഥലത്തും ഷൈബിന്‍ അഷ്‌റഫിന്‍റെ മുക്കട്ടയിലെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു.
കേസ് ചുരുളഴിഞ്ഞത് സെക്രട്ടറിയേറ്റിനുമുന്നിലെ ആത്മഹത്യാശ്രമത്തിന് പിന്നാലെ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയുടെ പൈപ്പ്, നവീകരിച്ച ശുചിമുറിയില്‍ നിന്ന് നീക്കം ചെയ്ത ടൈല്‍, മണ്ണ്, സിമന്‍റ് എന്നിവയില്‍ നിന്നുമായി ലഭിച്ച രക്തക്കറയും മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച ഷൈബിന്‍റെ ഹോണ്ടാ സിറ്റി കാറില്‍ നിന്ന് ലഭിച്ച മുടിയുമാണ് അന്വേഷണ സംഘത്തിന് ഇതുവരെയായി കണ്ടെത്താനായ നിര്‍ണായക തെളിവുകള്‍.
എന്നാൽ, ഡിഎൻഎ തെളിവുകൾ കൊല്ലപ്പെട്ട ഷാബ ഷെരീഫിന്റേതാണെന്ന് ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാവൂ. അതിനിടെ, ചോദ്യം ചെയ്യലിൽ ഷബാ ഷെരീഫിന്റെ മൃതദേഹം മുറിക്കാൻ ഉപയോഗിച്ച പുളിമരം കൊണ്ടുള്ള ഇറച്ചിപ്പലകയുടെ കുറ്റിയും കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ കടയിൽ നിന്ന് ബില്ലിന്റെ പകർപ്പും പോലീസ് കണ്ടെടുത്തു.