ന്യൂയോർക്ക്: കോവിഡ് മഹാമാരിയിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കേണ്ടിവന്ന ന്യൂയോർക്ക് നഗരം സാധാരണ നിലയിലേക്ക് മടങ്ങിവരവേ വീണ്ടും കോവിഡ് ഭീതിയിലേക്ക് അമരുന്നതായി സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ മേയ് 19നു പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2022 ജനുവരിക്കുശേഷം ആദ്യമായി ന്യൂയോർക്കിൽ പ്രതിദിന കേസുകളുടെ എണ്ണം 11,000 ത്തിലേക്ക് ഉയർന്നു. ന്യൂയോർക്കിലെ എല്ലാ സിറ്റികളും ഇതിനകം കോവിഡ് ഭീഷണി ഉയർന്ന (റെഡ് ലെവൽ) തോതിലേക്ക് ഉയർത്തിയിട്ടുണ്ട്. ന്യൂയോർക്കിലെ കൗണ്ടികളിൽ ബ്രോൺസ് മാത്രമാണ് ലൊ റിസ്ക് വിഭാഗത്തിൽ നിലകൊള്ളുന്നത്.
ന്യൂയോർക്കിലെ ആകെയുള്ള 62 കൗണ്ടികളിൽ 54 എണ്ണവും (87 ശതമാനവും) ഓറഞ്ച് ലെവലിലാണ്. കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചതോടെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
ന്യൂയോർക്കിലെ 54 കൗണ്ടികൾ ഉൾപ്പെടെ അമേരിക്കയിലെ 297 കൗണ്ടികളിലും കോവിഡ് റിസ്ക് ലെവൽ ഓറഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. വരും മാസങ്ങളിൽ കോവിഡ് വ്യാപനം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നു രണ്ടു ദിവസം മുന്പ് ഫെഡറൽ അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. സ്വകാര്യ ഇടങ്ങളിൽ മാസ്ക് ഉപയോഗം ഉൾപ്പെടെയുള്ള തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് ജനപ്രതിനിധികൾ തയാറാകണമെന്നും ഫെഡറൽ ആരോഗ്യവകുപ്പ് നിർദേശിച്ചു.