ബ്രോൺസ്(ന്യൂയോർക്ക്): രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘടനത്തിനിടയിൽ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം സംഭവിച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന പതിനഞ്ചുകാരനെ പോലീസ് അസ്റ്റു ചെയ്തു.
മേയ് 16നായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. ബ്രോൺസ് വെസ്റ്റ് ചെസ്റ്റർ അവന്യു സ്ട്രീറ്റിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനഞ്ചുകാരനും ഒമർ എന്ന പതിനെട്ടുകാരനുമാണ് സംഭവത്തിനുത്തരവാദികൾ എന്നു പോലീസ് പറഞ്ഞു.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. മറ്റൊരാളെ ലക്ഷ്യമാക്കിയാണ് വെടിയുതിർത്തത്. നിർഭാഗ്യവശാൽ വെടിയുണ്ട തുളച്ചുകയറിയത് അവിടെ ഉണ്ടായിരുന്ന കയ്റ ടെയ് എന്ന പതിനൊന്നുകാരിയുടെ ഉദരത്തിലായിരുന്നു. ഉടൻതന്നെ അടുത്തുള്ള ലിങ്കൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിനുശേഷം വെടിയുതിർത്ത അക്രമി സംഘം സ്കൂട്ടറിൽതന്നെ രക്ഷപെടുകയായിരുന്നു. വെടിയുതിർത്തതെന്നു സംശയിക്കുന്ന പതിനഞ്ചുകാരന്റെ അറസ്റ്റ് ഒഴിവാക്കാനായി മാതാവ് ഒരു ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അവിടെ എത്തിയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്കൂട്ടറിലുണ്ടായിരുന്ന പതിനെട്ടുകാരനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
പതിനഞ്ചുകാരനെ മുതിർന്നവനായി പരിഗണിച്ച് കൊലപാതകത്തിനും അനധികൃതമായി തോക്കു കൈവശം വച്ചതിനും കേസ് എടുത്തിട്ടുണ്ടെന്നു ന്യൂയോർക്ക് പോലീസ് പറഞ്ഞു.