കോഴിക്കോട്: മലാശയ കാൻസർ ബാധിച്ച ടൈപ്പ് ടു പ്രമേഹ രോഗിയായ 33 വയസ്സുള്ള യുവാവിന് പുതു ജീവിതം നൽകി കോഴിക്കോട് ബി എം എച്ചിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് (എ ഒ ഐ). അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, ബിഎംഎച്ചിലെ സർജിക്കൽ ഓങ്കോളജി എന്നീ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സീനിയർ ഓങ്കോളജിസ്റ്റുകൾ അടങ്ങുന്ന സംഘത്തിന്റെ അതീവ കൃത്യതയോടെയുള്ള മാർഗനിർദേശങ്ങൾ പാലിച്ചാണ് രോഗ പരിചരണ പ്രക്രിയ സാധ്യമാക്കിയത്. എ.ഒ.ഐ റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിൽ നിന്നുള്ള ഡോ.പി.ആർ.ശശീന്ദ്രൻ എംഡി, ഡോ.ധന്യ കെ.എസ്. എം.ഡി എന്നിവരടങ്ങുന്ന സംഘമാണ് രോഗിയുടെ കാൻസർ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
മലാശയത്തിലെ ട്യൂമർ വളർച്ചയുടെ തീവ്രത മൂലം ബദ്ധിമുട്ട് അനുഭവിച്ചിരുന്ന രാജേഷ് നായർ (ശരിയായ പേരല്ല) ടൈപ്പ് ടു ഡയബറ്റിസ് രോഗി കൂടിയാണ്. സമഗ്രമായ പരിശോധനകൾക്കും വിലയിരുത്തലിനും ശേഷം, രോഗിക്ക് റേഡിയേഷനും കീമോതെറാപ്പിയും പിന്നീട് സ്ഫിൻക്റ്റർ പ്രിസർവേഷൻ സർജറിയും ചെയ്യുന്നതിനായി നിർദ്ദേശിക്കുകയായിരുന്നു. ട്യൂമർ ശരീരത്തിന്റെ നിർണായക സ്ഥാനത്തായതിനാൽ, കുടലിന്റെയും ഏനൽ സ്ഫിൻക്റ്ററിന്റെയും പ്രവർത്തനങ്ങൾ സംരക്ഷിക്കുക എന്നത് വെല്ലുവിളി തന്നെയായിരുന്നു.
മലാശയത്തിന്റെ സങ്കീർണ്ണമായ സ്ഥാനവും ഇടുങ്ങിയ അരക്കെട്ടും കാരണം ഈ ശസ്ത്രക്രിയ പുരുഷൻമാരായ രോഗികളിൽ വളരെയധികം വെല്ലുവിളിയാണ് ഉയർത്തുക. ഈ ശരീരഭാഗത്ത് പ്രധാനപ്പെട്ട ഞരമ്പുകൾ ഉള്ളതിനാൽ, ചെറിയ പരിക്കുപോലും രോഗിയുടെ തുടർന്നുളള ജീവിതത്തെ സാരമായി ബാധിച്ചേക്കാം. രോഗത്തിന്റെ ആക്രമണാത്മക സ്വഭാവവും രോഗിയുടെ ചെറുപ്പവും കണക്കിലെടുത്ത് കീമോ റേഡിയേഷൻ തെറാപ്പിയിലൂടെ ട്യൂമറിന്റെ വലുപ്പം ഗണ്യമായി കുറയ്ക്കുക എന്നതായിരുന്നു ഏറ്റവും അത്യാവശ്യമായ ഘടകം. കീമോ റേഡിയേഷൻ ചികിത്സയ്ക്കു ശേഷം ശസ്തക്രിയ വിജയകരമായി പൂർത്തിയാക്കി. രോഗി ഇപ്പോൾ ചികിത്സയ്ക്ക് ശേഷം, ചെക്കപ്പ് മാത്രമായി മുന്നോട്ടു പോകുന്നു. മലപ്പുറത്ത് വിജയകരമായി ഒരു ക്ലിനിക്ക് നടത്തുന്നയാളാണ് രോഗി.
രോഗികളുടെ പരിചരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതോടൊപ്പം, ഓരോ കേസിലും ഒന്നാം തരം ചികിത്സാ പ്രോട്ടോക്കോളുകൾ പാലിക്കപ്പെടുന്നുവെന്ന് എ ഒ ഐ ആഴ്ചതോറുമുള്ള പ്രാദേശികവും അന്തർദ്ദേശീയവുമായ ട്യൂമർ ബോർഡുകളിൽ ഉറപ്പാക്കുന്നുണ്ടെന്ന്, അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേഷ്യ സി ടി എസ് ഐ സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഡോ. ഫൈസൽ സിദ്ദിഖി പറഞ്ഞു. രോഗനിർണയത്തിലും ചികിത്സാപരമായ കഴിവിലും അസാധാരണമായ പുരോഗതി കൈവരിച്ചതു വഴി മലാശയ കാൻസർ പോലെയുള്ള രോഗങ്ങൾ ബാധിച്ചവരിൽ സ്ഫിൻക്റ്റർ പരിപാലനത്തിലും അവയവ സംരക്ഷണത്തിലും വിജയം കൈരിക്കാൻ ഇപ്പോൾ സാധ്യമാണ്. ദക്ഷിണേഷ്യയിലെ തങ്ങളുടെ രോഗികൾക്ക് നിലവിലെ ഏറ്റവും മികച്ച ക്ലിനിക്കൽ വൈദഗ്ധ്യം, സാങ്കേതിക മികവ്, മികച്ച പരിചരണം എന്നിവ ഉറപ്പാക്കാൻ അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ദീർഘദൂര യാത്രകൾ ഒഴിവാക്കി, അത്യാധുനിക സാങ്കേതിക വിദ്യയും ഗുണമേന്മയുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കോഴിക്കോട്ടെ രോഗികൾക്ക് സൗകര്യം ഒരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഓരോ വർഷവും 1,00,000 പുരുഷന്മാരിൽ 4.4 പേർക്ക് വൻകുടലിലെ അർബുദവും 4.1 പേർക്ക് മലാശയ ക്യാൻസറും ബാധിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുവെന്ന് അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് റേഡിയേഷൻ ഓങ്കോളജിയിലെ ഡോ. ധന്യ കെ.എസ് എംഡി വ്യക്തമാക്കി. വൻകുടലിന്റെ അവസാനത്തിൽ തുടങ്ങി മലദ്വാരത്തിൽ അവസാനിക്കുന്ന ഭാഗമാണ് മലാശയം. നേരത്തെയുള്ള രോഗ നിർണ്ണയത്തിനും പ്രതിരോധത്തിനുമുള്ള ഏറ്റവും ഫലപ്രദമായ രീതിയാണ് മലാശയ കാൻസർ സ്ക്രീനിങ്. വിവിധ ശുശ്രൂഷാ വിഭാഗങ്ങളിലെ വിദഗ്ധർ ഒരുമിച്ചുള്ള പ്രവർത്തനം മികച്ച ചികിത്സ ഫലം നൽകുമെന്നും ഡോ. ധന്യ പറഞ്ഞു. എ ഒ ഐ – ബി എം എച് കൂട്ടുകെട്ടിന് ഏറ്റവും പുതിയ സാങ്കേതികവിദ്യ, കേന്ദ്രീകൃത റേഡിയേഷൻ ചികിത്സാ ആസൂത്രണം, അന്താരാഷ്ട്ര നിലവാരമുള്ള അർബുദ ചികിത്സാ പ്രോട്ടോക്കോളുകൾ എന്നിവയുടെ പിന്തുണയുള്ള ഒരു മൾട്ടി-ഡിസിപ്ലിനറി കെയർ പ്രോഗ്രാം ഉണ്ടെന്നും രോഗികളുടെ ക്ഷേമത്തിനായി സമഗ്രവും കൃത്യവുമായ കാൻസർ പരിചരണ സമീപനമാണ് തങ്ങൾ ഉറപ്പാക്കുന്നതെന്നും ഡോ. ധന്യ കൂട്ടിച്ചേർത്തു.
ഓങ്കോളജി സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുൻനിര ക്യാൻസർ ആശുപത്രിയായ അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചത്. പ്രായ-ലിംഗഭേദമന്യേ റേഡിയേഷൻ, മെഡിക്കൽ, ന്യൂക്ലിയർ മെഡിസിൻ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ രോഗനിർണയവും ക്യാൻസർ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിലൂടെ രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്. അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റു കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ന്യുക്ളീയർ മെഡിസിൻ കേന്ദ്രത്തിൽ പിഇടി-സിടി, ഹൈബ്രിഡ് എസ്പിഇസിടി-സിടി തുടങ്ങിയ നൂതന ഇമേജിംഗ് സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി സജ്ജീകരിച്ചിട്ടുള്ള കോഴിക്കോട്ടെ ആശുപത്രിയിൽ വിവിധ തരത്തിലുള്ള അർബുദ ചികിത്സ കൈകാര്യം ചെയ്യുന്നതോടൊപ്പം കാൻസർ രോഗികൾക്ക് സമാനതകളില്ലാത്ത പരിചരണവും വ്യക്തിഗത ചികിത്സയും ഉറപ്പു വരുത്തുന്നു.