ബംഗളൂരു : യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിക്ക് കർണാടക ഹൈക്കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. അയൽവാസിയായ പ്രതിയുടെ അധിക്ഷേപത്തിനും അതിക്രമത്തിനും വിധേയയായതിനു ശേഷമാണ് യുവതി ജീവിതം അവസാനിപ്പിച്ചത്.
പ്രതിയായ ശാന്ത ഷെട്ടിയെ വെറുതെവിട്ട കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രതികളെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് ചാമരാജനഗർ പൊലീസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എസ്.രാച്ചയ്യ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
മരിച്ച സ്ത്രീയുടെ മാനസികാരോഗ്യം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കീഴ്‌ക്കോടതി പ്രതിയെ വെറുതെ വിട്ടതായി കോടതി നിരീക്ഷിച്ചു. ഈ കേസിലെ സർട്ടിഫിക്കേഷൻ കേവലം സാങ്കേതികതയാണെന്നും അത് തെളിവായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
“മൊഴി വിശ്വസനീയമാണെങ്കിൽ, അത് ഒരു തെളിവായി കണക്കാക്കാം. യുവതിയുടെ മരണത്തിന് മുമ്പ് രേഖപ്പെടുത്തിയ മൊഴികൾ ഇര ആധികാരികമാക്കി, അത് വ്യക്തി നല്ല മാനസികാവസ്ഥയിലാണെന്ന് തെളിയിക്കുന്നു,” കോടതി പറഞ്ഞു.
പ്രതിയുടെ അപമാനം സഹിക്കാനാവാതെയാണ് യുവതി ജീവിതം അവസാനിപ്പിച്ചതെന്ന് യുവതിയുടെ ഭർത്താവും മറ്റ് ദൃക്‌സാക്ഷികളും സ്ഥിരീകരിച്ചിരുന്നു. ഹെഡ് കോൺസ്റ്റബിൾ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
2008 ജൂൺ 12 ന് പ്രതി ഇരയുമായി വഴക്കിട്ടിരുന്നു. എന്തിനാണ് ഭാര്യയുമായി വഴക്കിട്ടതെന്ന് യുവതിയുടെ ഭര്‍ത്താവ് ചോദ്യം ചെയ്തിരുന്നു. പ്രതി യുവതിയെ അസഭ്യം പറയുകയും വീട്ടിൽ നിന്ന് വലിച്ചിഴച്ച് ആക്രമിക്കുകയും ചെയ്തു. മരിക്കുന്നതാണ് നല്ലതെന്നും പ്രതി ഇരയോട് പറഞ്ഞിരുന്നു. തുടർന്ന് യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
അഞ്ച് ദിവസത്തിന് ശേഷം ആശുപത്രിയിൽ വെച്ച് യുവതി മരണത്തിന് കീഴടങ്ങി.