എറണാകുളം: വരാനിരിക്കുന്ന തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് ആം ആദ്മി പാർട്ടിയും (എഎപി) ട്വന്റി 20യും ചേർന്ന് രൂപീകരിച്ച ജനക്ഷേമ സഖ്യം (പിഡബ്ല്യുഎ) തീരുമാനിച്ചു.
ഈ ഉപതിരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സ്വാധീനവും ഉണ്ടാക്കില്ലെന്നും അവര് പറഞ്ഞു. അക്കാരണത്താൽ മാത്രം തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്ന നിലപാടാണ് പിഡബ്ല്യുഎ സ്വീകരിച്ചത്. എന്നാൽ, “നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി വോട്ട് വിനിയോഗിക്കാൻ ഞങ്ങൾ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. തീരുമാനം ജനങ്ങളുടെ മനസ്സാക്ഷിക്ക് വിടുന്നു,”ട്വന്റി 20 ചീഫ് കോഓർഡിനേറ്ററും കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ സാബു എം ജേക്കബ് പറഞ്ഞു.
എഎപി സംസ്ഥാന കൺവീനർ പി സി സിറിയക്കിനൊപ്പം ഞായറാഴ്ച കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ട്വന്റി 20 അനുയായികളോട് നിലവിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തി വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു.
“നമുക്ക് ഓരോരുത്തർക്കും നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്താനും ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാനും കഴിയണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏകദേശം 14,000 വോട്ടുകൾ നേടാൻ ട്വന്റി 20 യ്ക്ക് കഴിഞ്ഞു. രാജ്യത്ത് രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്ന ആം ആദ്മി പാർട്ടിയുമായി ഇത്തവണ സഖ്യമുണ്ട്. ഞങ്ങൾ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ലെങ്കിലും ജയമോ തോൽവിയോ തീരുമാനിക്കുന്നത് ഞങ്ങളുടെ സഖ്യമായിരിക്കും,” സാബു പറഞ്ഞു.
ജനാധിപത്യത്തിൽ ജനങ്ങളുടെ ശക്തി തെളിയിക്കുന്ന വോട്ടവകാശം വിവേകത്തോടെ വിനിയോഗിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പ്രലോഭനങ്ങൾക്കും സമ്മർദങ്ങൾക്കും സ്വാധീനങ്ങൾക്കും പണത്തിനും മദ്യത്തിനും വശംവദരാകാതെ സ്വതന്ത്രമായി ചിന്തിക്കുകയും ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. വോട്ടെടുപ്പ് ദിവസം കാലാവസ്ഥ പ്രതികൂലമാണെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതിനുള്ള ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.