തിരുവനന്തപുരം: സംസ്ഥാനത്ത് ആൾമാറാട്ടക്കേസുകൾ വർധിച്ചുവരുന്നതിനിടെ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെന്ന് പറഞ്ഞ് രോഗികളിൽ നിന്ന് പണം തട്ടിയ യുവാവിനെ തിരുവനന്തപുരം പോലീസ് അറസ്റ്റ് ചെയ്തു.
നിഖിൽ (22) എന്ന യുവാവാണ് ആള്‍മാറാട്ടം നടത്തി പിടിയിലായത്. ഇയാളെ പോലീസിന് കൈമാറി.
വിഴിഞ്ഞം സ്വദേശി റിനുവിനെ കാലിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെ മെഡിസിൻ യൂണിറ്റിൽ പ്രവേശിപ്പിച്ചിരുന്നു. റിനുവിന്റെ കൂട്ടിരിപ്പുകാരനാണെന്ന വ്യാജേന കഴുത്തില്‍ സ്റ്റെതസ്കോപ്പുമിട്ട് പത്തു ദിവസത്തോളം നിഖില്‍ ആശുപത്രിയില്‍ ചിലവഴിച്ചതായി പറയുന്നു. അതിനിടെ, റിനുവിന് ഗുരുതര രോഗങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് പരിശോധന നടത്താനും മരുന്ന് വാങ്ങാനുമായി ഇയാൾ വൻതുക തട്ടിയെടുക്കുകയും ചെയ്തു.
റിനുവിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് ഡിസ്ചാർജ് ചെയ്യാതിരിക്കാൻ ലാബ് റിസല്‍ട്ടില്‍ കൃത്രിമം കാണിച്ചതോടെ സംശയം തോന്നിയ ഡോക്ടർ ശ്രീനാഥും മറ്റുള്ളവരും ചേർന്ന് നിഖിലിനെ കുടുക്കുകയായിരുന്നു.
നേരത്തെ റിനുവിന്റെ സഹോദരനില്‍ നിന്ന് ഈ വ്യാജ ഡോക്ടർ സമാനമായ രീതിയിൽ ചികിത്സയുടെ പേരു പറഞ്ഞ് നാലു ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. കൂടാതെ, രോഗത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനെന്ന പേരിൽ 80,000 രൂപയും തട്ടിയെടുത്തിരുന്നു.