ലഖ്നൗ : വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം ഇല്ലായിരുന്നുവെന്നും, 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജന വികാരം ആളിക്കത്തിക്കാനാണ് ഇപ്പോള്‍ അതിനെക്കുറിച്ച് പ്രചരിപ്പിക്കുന്നതെന്നും സമാജ്വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബാർഖ്.
“2024ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഈ സാഹചര്യങ്ങളെല്ലാം സൃഷ്ടിക്കുന്നത്. നിങ്ങൾ ചരിത്രത്തിലേക്ക് പോയാൽ ഗ്യാൻവാപി പള്ളിയിൽ ശിവലിംഗവും മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇതെല്ലാം തെറ്റാണ്, ”സംഭാലിൽ നിന്നുള്ള എംപി ബാർഖ് സമാജ്വാദി പാർട്ടി ഓഫീസിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ കാണാൻ എത്തിയതായിരുന്നു ബാർഖ്.
അയോദ്ധ്യയിൽ ഒരു രാമക്ഷേത്രം പണിയുന്നുണ്ടെങ്കിലും, അവിടെ ഒരു പള്ളി ഉണ്ടെന്ന് ഞാൻ ഇപ്പോഴും പറയുന്നു എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
“അവര്‍ മുസ്ലീങ്ങളെ ലക്ഷ്യമിടുന്നു, മസ്ജിദുകൾ ആക്രമിക്കപ്പെടുന്നു, അവ തകര്‍ക്കപ്പെടുന്നു. സർക്കാർ ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടത്. സത്യസന്ധതയോടും നിയമവാഴ്ചയോടും കൂടിയാണ് സർക്കാർ പ്രവർത്തിക്കേണ്ടത്. ഇപ്പോള്‍ നിയമമല്ല, ബുൾഡോസറിന്റെ ഭരണമാണ് നിലവിലുള്ളത്,” അദ്ദേഹം ആരോപിച്ചു.
കോടതി നിർദ്ദേശിച്ച വീഡിയോഗ്രാഫി സർവേയിൽ ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു ഹരജിക്കാരെ പ്രതിനിധീകരിച്ച അഭിഭാഷകർ പറഞ്ഞതിനെത്തുടർന്ന് മെയ് 16 ന് വാരണാസിയിലെ ഒരു പ്രാദേശിക കോടതി ജ്ഞാനവാപി മസ്ജിദ് സമുച്ചയത്തിലെ ഒരു സ്ഥലം സീൽ ചെയ്യാൻ ജില്ലാ ഭരണകൂടത്തോട് നിർദ്ദേശിച്ചു.
ഒരു മോസ്ക് മാനേജ്മെന്റ് കമ്മിറ്റി വക്താവ് ഈ അവകാശവാദത്തെ എതിര്‍ത്തു. ആ വസ്തു ഒരു ജലധാരയുടെ ഭാഗമാണെന്ന് ഒരു ടെലിവിഷൻ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, ജ്ഞാനവാപി-ശൃംഗാർ ഗൗരി സമുച്ചയത്തിനുള്ളിൽ ഒരു ശിവലിംഗം കണ്ടെത്തിയതായി പറയപ്പെടുന്ന പ്രദേശത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ വാരണാസി ജില്ലാ മജിസ്ട്രേറ്റിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.