കൊല്ലം: സംസ്ഥാന ശുചിത്വ മിഷൻ സംഘടിപ്പിച്ച ‘ സ്വച്ഛ് ടെക്നോളജി ചലഞ്ച് ‘ മത്സരത്തിൽ അമൃത വിശ്വവിദ്യാപീഠം ടീമിന് ഒന്നാം സ്ഥാനം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് കെട്ടിടനിർമ്മാണത്തിനുള്ള കട്ടകൾ നിർമിക്കുന്ന പദ്ധതിയാണ് അമൃതയെ ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദനിൽ നിന്ന് അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം ചെയർപേഴ്സൺ ഡോ. മിനി കെ. മാധവ് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിങിലെ പ്രൊഫസർമാരായ ഡോ.മിനി കെ മാധവ്, ഡോ. കെ. ജയനാരായണൻ, അമൃതയിലെ ഗവേഷകനായ ഹരീഷ് മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് പ്ലാസ്റ്റിക് പുനരുപയോഗിച്ചുള്ള ഇത്തരമൊരു കണ്ടുപിടുത്തത്തിന് നേതൃത്വം നൽകിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് കെട്ടിടനിർമ്മാണത്തിന് ആവശ്യമായ കട്ടകൾ നിർമ്മിക്കുന്നതിലൂടെ മാലിന്യങ്ങൾ ഒഴിവാകുന്നു എന്നതിലുപരിയായി വൻകിട നിർമ്മാണങ്ങളിൽ സിമന്റിന്റെ ആവശ്യകത കുറയ്ക്കാനും സാധിക്കും. ഇതിലൂടെ പരിസ്ഥിതി സംരക്ഷണം കൂടി സാധ്യമാകുന്നുവെന്നതാണ് അമൃത വിശ്വ വിദ്യാപീഠത്തിന്റെ ഈ പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ പ്രധാന നേട്ടം.
മാലിന്യ സംസ്‌കരണ മേഖലയിൽ സംരംഭകത്വ സാധ്യതകൾ തുറക്കാനും ബിസിനസ്സ് വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സ്വച്ഛ് ടെക്നോളജി ചലഞ്ച് സംഘടിപ്പിച്ചത്.