പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എട്ടാമത് പ്രോജക്ട് മാനേജ്‌മെന്റ് റീജിയണൽ കോൺഫറൻസ് പി എം ഐ കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് നടന്നു.
തിരുവനന്തപുരം: പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (പി എം ഐ) എട്ടാമത് പ്രോജക്ട് മാനേജ്‌മെന്റ് റീജിയണൽ കോൺഫറൻസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പി എം ഐ കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ നടന്ന കോൺഫറൻസ് ‘ഫിനിഷിംഗ് ലൈനിനപ്പുറം – സുസ്ഥിരതയിലേക്ക്’ എന്ന വിഷയത്തെ അധികരിച്ചായിരുന്നു. ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ഡോ. കിരൺ ബേദി, പിഎംഐ ഡയറക്ടർ ബോർഡ് ചെയർ ജെന്നിഫർ ഥാർപ്പ് തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങളുടെ പ്രഭാഷണങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു പി എം ഐ റീജിയണൽ കോൺഫറൻസ്. ദക്ഷിണേഷ്യയിൽ നിന്നുള്ള 350-ഓളം പ്രോജക്ട് പ്രഫഷണലുകൾ പങ്കെടുത്തു.
ഐ എസ് ആർ ഒ ഡയറക്ടറും എച്ച്.എസ്.എഫ്.സി ശാസ്ത്രജ്ഞനുമായ ഉമാമഹേശ്വരൻ ആർ, ഇ.വൈ. ഗ്ലോബൽ ഡെലിവറി സർവീസസ് ഗ്ലോബൽ ടാലന്റ് ആൻഡ് എനേബിൾമെന്റ് സർവീസസ് ലീഡർ ശ്രീകാന്ത് കെ അറിമനിത്തായ, എർത്ത്പിഎം സഹസ്ഥാപകൻ റിച്ച് മാൾട്ട്സ്മാൻ, തടാക സംരക്ഷണ പ്രവർത്തകൻ ആനന്ദ് മല്ലിഗവാദ്, തുടങ്ങി നിരവധി വ്യവസായ പ്രമുഖരുടെ ഉൾക്കാഴ്ചയുള്ള സെഷനുകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു ഏകദിന സമ്മേളനം.
കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള പ്രശ്‌നങ്ങളെ ചെറുക്കുന്നതിൽ പ്രോജക്ട് മാനേജ്‌മെന്റിന് വഹിക്കാനാകുന്ന പങ്കിനെക്കുറിച്ചു സംസാരിച്ചു കൊണ്ട് ജെന്നിഫർ ഥാർപ്പ് സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടർന്ന് പദ്ധതികൾ, ദൗത്യങ്ങൾ എന്നിവയുടെ അടിസ്ഥാന ഘടകമായി സുസ്ഥിരത ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉമാമഹേശ്വരൻ ആർ. സംസാരിച്ചു. മാറ്റങ്ങൾ ഉൾക്കൊള്ളുവാനും പരിവർത്തനത്തിനു വഴിതെളിക്കുവാനും ആവശ്യമായ നേതൃപാടവത്തെപ്പറ്റി ശ്രീകാന്ത് കെ അറിമനിത്തായ സംസാരിച്ചപ്പോൾ, നിലവിലെ പ്രവർത്തനങ്ങളിൽ നവീന ആശയങ്ങൾ ഉൾക്കൊള്ളിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അൺബോക്സ് എക്സ്പീരിയൻസ് സ്ഥാപകനായ സവീൻ ഹെഗ്‌ഡെ വിശദീകരിച്ചു. ഇതിനകം പരീക്ഷിച്ചു വിജയം കണ്ട സാങ്കേതിക വിദ്യകളും ഹരിത പ്രോജക്റ്റ് മാനേജ്‌മെന്റിലെ മികച്ച പ്രവർത്തനങ്ങളും, അപകടസാധ്യതകളും അവസരങ്ങളുടെ വിലയിരുത്തലുകളും ഉൾപ്പെടെയുള്ള വിഷയങ്ങളെ പ്രതിപാദിച്ചു റിച്ച് മാൾട്ട്‌സ്‌മാൻ സംസാരിച്ചു. സംരക്ഷണ പ്രവർത്തനങ്ങളിലൂടെ താൻ സ്വായത്തമാക്കിയ പ്രൊജക്റ്റ് മാനേജ്‌മെന്റ് വൈദഗ്ധ്യത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് ആനന്ദ് മല്ലിഗാവാദ് വിശദമാക്കിയപ്പോൾ, ഡോ. കിരൺ ബേദി ഔദ്യോഗിക യാത്രയിലുടനീളം തന്റെ ഒപ്പമുണ്ടായിരുന്ന വിവിധ പ്രോജക്ടുകളെപ്പറ്റി വിശദമാക്കി.
“പിഎംഐ കേരള ചാപ്റ്ററുമായി ചേർന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഈ സമ്മേളനം സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. സാമ്പത്തികവും സാമൂഹികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തമികവ് സാധ്യമാക്കുന്ന വിധത്തിലുള്ള വലിയ മാറ്റത്തോടെയുള്ള പ്രോജക്ട് മാനേജ്‌മെന്റ് ആണ് സുസ്ഥിരതയിലൂന്നിയുള്ള പുതിയ കാലത്തിന്റെ മുന്നോട്ടുപോക്കിന് ആവശ്യം,” എന്ന് പിഎംഐ ദക്ഷിണേഷ്യ റീജിയണൽ മാനേജിംഗ് ഡയറക്ടർ ഡോ. ശ്രീനി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.
അർത്ഥവത്തായ ചിന്തകളിൽ നിന്നുടലെടുക്കുന്ന സംവാദങ്ങളും, സാമൂഹിക ഇടപെടലുകൾക്ക് വഴിതെളിക്കുന്ന സംരംഭങ്ങളും സൃഷ്ടിക്കുന്നതിൽ മുൻനിര പ്രവർത്തനം നടത്തി വരികയാണ് പി എം ഐ കേരള ചാപ്റ്റർ. യുഎൻജിസി അവേഴ്‌സ് ഓഫ് ഇംപാക്ട് കാമ്പെയ്‌നിനായി 14,000 മണിക്കൂറിലധികം സമയം നീക്കിവച്ചിട്ടുള്ള പി എം ഐ കേരള ചാപ്റ്റർ അതിനോടനുബന്ധിച്ച് 600-ലധികം പാർശ്വവത്ക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം സ്‌പോൺസർ ചെയ്യുന്നുണ്ട്. കൂടാതെ, ഉഡാൻ പോലെയുള്ള സാമൂഹിക സംരംഭങ്ങളിലൂടെ യു എൻ സസ്‌റ്റൈനബിൾ ഡെവെലപ്മെന്റ്റ് ഗോൾസിലേയ്ക്ക് സംഭാവന ചെയ്യുന്നു. 300-ലധികം വിദ്യാർത്ഥികൾ ഒത്തുചേരുന്ന സർവം ഓർഗാനിക് തുടങ്ങിയ ഉദ്യമങ്ങളിലൂടെ അവരുടെ ചുറ്റുപാടുകൾ മെച്ചപ്പെടുത്താനും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും പിഎം ഐ കേരള ചാപ്റ്റർ നേതൃത്വം നൽകിവരുന്നു.