കൊല്ലം: തിങ്കളാഴ്ചത്തെ വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ വികാരാധീനനായി. “ഒടുവിൽ മകൾക്ക് അർഹമായ നീതി ലഭിച്ചു,” അദ്ദേഹം പറഞ്ഞു. വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ (30) ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വികാരാധീനനായത്.
ജൂൺ 21നാണ് ശാസ്താംകോട്ടയിലെ ഭര്‍തൃവീട്ടിലെ കുളിമുറിയിൽ 24കാരിയായ മെഡിക്കൽ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കേസ് നേരിടാൻ കുടുംബത്തെ സഹായിച്ച എല്ലാവരോടും നന്ദി പറയുമ്പോൾ, തന്റെ മകൾ നേരിട്ട ദുരനുഭവം മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകല്ലേ എന്ന് വിസ്മയയുടെ അമ്മ സജിത പ്രത്യാശ പ്രകടിപ്പിച്ചു. ചുമത്തിയ അഞ്ച് ഐപിസി വകുപ്പുകളിൽ, 304 ബി (സ്ത്രീധന മരണം), 498 എ (സ്ത്രീധന പീഡനം), 306 (ആത്മഹത്യ പ്രേരണ) എന്നീ മൂന്ന് വകുപ്പുകൾ പ്രകാരമാണ് കിരണിനെ ശിക്ഷിച്ചത്. സംഭവം നടന്ന് 11 മാസത്തിനകമാണ് വിധി പ്രസ്താവിച്ചത്.
സൈബർ സെൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പോലീസ് സംഘത്തിന്റെ കൂട്ടായ പരിശ്രമമാണ് കേസിലെ നിർണായക തെളിവുകൾ കണ്ടെത്താൻ സഹായിച്ചതെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാർ പറഞ്ഞു. തെളിവുകൾ ജി മോഹൻരാജ് നന്നായി കോടതിയിൽ ഹാജരാക്കിയെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇത്തരം നിരവധി കേസുകൾ നടക്കുന്നുണ്ടെന്നും അടിച്ചമർത്തുന്നവർക്കെതിരെ മുന്നോട്ട് വരാൻ ഈ വിധി ജനങ്ങളെ പ്രേരിപ്പിക്കുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ ക്രൈംബ്രാഞ്ച് ഐജി ഹർഷിത അട്ടലൂരി പറഞ്ഞു. “കിരണിന്റെ പ്രവൃത്തിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അവർ കൂട്ടിച്ചേർത്തു. ഇത്തരം കേസുകൾ ഒഴിവാക്കാൻ സ്ത്രീധനത്തെക്കുറിച്ചുള്ള ആളുകളുടെ ചിന്താഗതി മാറണമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.
കൊല്ലത്തെ എംവിഡി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺ മാത്രമാണ് കേസിലെ ഏക പ്രതി. അറസ്റ്റിനെ തുടർന്ന് വകുപ്പ് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. വിചാരണ വേളയിൽ പ്രോസിക്യൂഷൻ 41 സാക്ഷികളെയും 118 രേഖകളെയും 12 പ്രധാന സാക്ഷികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു.
ഏഴു വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തൽ. സ്ത്രീധന പീഡനവും ഗാർഹിക പീഡനവും ഉൾപ്പെടെ പ്രോസിക്യൂഷൻ ചുമത്തിയ അഞ്ച് കുറ്റങ്ങൾ കിരൺ ചെയ്തതായി കോടതി കണ്ടെത്തി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജും പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ളയും തമ്മിൽ ശിക്ഷ സംബന്ധിച്ച വാദമാണ് ഇന്ന് കോടതിയിൽ നടക്കുക.
ജീവപര്യന്തം ശിക്ഷ നൽകണം എന്നാവും പ്രോസിക്യൂഷൻ വാദം. പ്രായം പരിഗണിച്ച് ശിക്ഷ പരമാവധി കുറച്ച് നൽകണം എന്നാണ് പ്രതിഭാഗം വാദിക്കുക. 498 എ ഗാർഹിക പീഡനം, 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 306 അത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ 3, 4 എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ. ജാമ്യം റദാക്കിയതിനെ തുടർന്ന് കൊല്ലം സബ് ജയിലിൽ കഴിയുന്ന കിരൺ കുമാറിനെ കോടതിയിൽ എത്തിക്കും.