കൊച്ചി: ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റ് ഹാജരാക്കാൻ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ, നടനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൊവ്വാഴ്ച അത് ഹാജരാക്കി. മെയ് 30-ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റാണ് കോടതിയില്‍ ഹാജരാക്കിയത്.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റുകൾ ഹാജരാക്കാൻ ഇന്നലെ കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അധികാരപരിധിയിൽ ഹാജരാകാനും കോടതി നിർദേശിച്ചു. ഹർജിക്കാരന്റെ അഭിഭാഷകൻ വിമാന ടിക്കറ്റ് ഹാജരാക്കിയാൽ വ്യാഴാഴ്ച കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
നടിയുടെ പരാതിയിൽ നേരത്തെ എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. തുടർന്ന്, പരാതിക്കാരിയുടെ വ്യക്തിവിവരങ്ങൾ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയതിന് ഇയാൾക്കെതിരെ മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞയാഴ്ച നടന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. മെയ് 24 ന് ഓഫീസിൽ ഹാജരാകാമെന്ന് വിജയ് ബാബു പാസ്‌പോർട്ട് ഓഫീസറോട് പറഞ്ഞതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ അദ്ദേഹത്തിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും പറഞ്ഞു.
പാസ്പോർട്ട് റദ്ദാക്കപ്പെട്ടതോടെ എംബസിയുടെ പ്രത്യേക യാത്രാനുമതി തേടിയാണ് നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങുന്നത്. വിജയ് ബാബു അന്വേഷണത്തിനു സഹകരിക്കുന്നില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. തനിക്കെതിരെ പെൺകുട്ടി പരാതിയുമായി രംഗത്ത് എത്തിയതിനു തൊട്ടു പിന്നാലെ വിജയ് ബാബു വിദേശത്തേക്കു കടക്കുകയായിരുന്നു.
ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന കരാറുകൾ ഇല്ലാത്ത രാജ്യത്തേക്കു കടക്കാനും വിജയ് ബാബുവിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടായി. കൊച്ചിയിലേക്കുള്ള ഇന്നത്തെ വിമാന യാത്രക്കാരുടെ പട്ടികയിൽ വിജയ് ബാബു ഉണ്ടായിരുന്നില്ല. മടങ്ങിയെത്തിയില്ലെങ്കിൽ ഇന്നു വൈകിട്ട് അഞ്ചിന് ശേഷം റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു. ഇതിന്റെ പിന്നാലയാണ് ടിക്കറ്റ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
നടിയുടെ പരാതിയെ തുടർന്ന് ഏപ്രിൽ 29-നാണ് വിജയ് ബാബു മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. തുടർന്ന് സർക്കാരിന്റെ നിലപാട് തേടിയ ശേഷം വേനലവധിക്കുശേഷം പരിഗണിക്കാനായി ഹർജി മാറ്റുകയായിരുന്നു. ഹർജിയിൽ താൻ പീഡപ്പിച്ചില്ലെന്ന വാദമാണ് വിജയ് ബാബു ഉയർത്തുന്നത്. സിനിമാ രംഗത്തെ പകയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.
സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് നടി തന്നെ സമീപിച്ചതെന്നും, ഇപ്പോൾ ബ്ലാക്ക്‌മെയിൽ ചെയ്ത് ലൈംഗികാതിക്രമ പരാതി നൽകിയതാണെന്നും വിജയ് ബാബുവിന്റെ ഹർജിയിൽ പറയുന്നു. തന്റെ പുതിയ സിനിമയിൽ അവസരമില്ലെന്നറിഞ്ഞതോടെയാണ് നടി തനിക്കെതിരെ തിരിഞ്ഞതും പീഡന പരാതി നല്‍കിയതെന്നും വിജയ് ബാബു പറഞ്ഞു.