ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനം ഡോ. കൃഷ്ണ കിഷോർ (ഏഷ്യാനെറ്റ് യുഎസ്‌എ) ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. അതോടൊപ്പം ഫിലാഡൽഫിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ഓണാഘോഷതി൯റ്റെ ടിക്കറ്റ് വിതരണോൽഘാടനവും ബ്രിജിത് വി൯സെന്റിന് ആദ്യ ടിക്കറ്റ് നൽകി നിർവഹിക്കപ്പെട്ടു.
ചെയർമാൻ സാജൻ വ൪ഗീസ് നേതൃത്വം നൽകിയ പരിപാടിയിൽ ഓണം ചെയർമാൻ ജീമോൻ ജോർജ് സ്വാഗതം അരുളി. ജനറൽ സെക്രട്ടറി റോണി വർഗീസ് ചടങ്ങുകൾ നിയന്ത്രിച്ചു. പെൻസിൽവാനിയ പൊളിറ്റീഷൻ സാം ഒറോപെസ, പമ്പ അസോസിയേഷൻ പ്രസിഡ൯റ്റ് ഡോ. ഈപ്പൻ ഡാനിയേൽ, കോട്ടയം അസോസിയേഷൻ പ്രസിഡ൯റ്റ് ജോബി ജോർജ്, മാപ്പ് അസോസിയേഷൻ പ്രെതിനിധി ഷാലു പുന്നൂസ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രെതിനിധി ജോർജ് ജോസഫ്, മേള അസോസിയേഷൻ പ്രസിഡ൯റ്റ് ജോർജി കടവിൽ എന്നിവർ ആശംസ അർപ്പിക്കാനെത്തിയിരുന്നു.
ഏഷ്യാനെറ്റ് അമേരിക്ക ഈ ആഴ്ച പരിപാടിയിലൂടെ 250 എപ്പിസോഡ് തികച്ച കൃഷ്ണ കിഷോറിന് ചടങ്ങിൽ പ്രേത്യേക ആദരവ് നൽകുകയുണ്ടായി.
വൈസ് ചെയർമാൻ വി൯സെ൯റ്റ് ഇമ്മാനുവേൽ വിശിഷ്ടാധികളെ സദസിനു പരിചയപ്പെടുത്തി, വൈസ് ചെയർ ആൻഡ് കോർഡിനേറ്റർ ജോൺ സാമുവേൽ ടിക്കറ്റ് കിക്ക് ഓഫ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചു. ഓണാഘോഷത്തിന് വേണ്ടിയുള്ള കലാ പരിപാടികൾക്ക് ഒരുക്കങ്ങൾ തുടങ്ങിയതായി പ്രോഗ്രാം കോർഡിനേറ്റർ ബെന്നി കൊട്ടാരം അറിയിച്ചു. 101 പേരടങ്ങുന്ന മെഗാ തിരുവാതിര ഈ വർഷവും നടത്തുമെന്ന് ആശ അഗസ്റ്റിൻ പ്രസ്‌താവിച്ചു. ട്രസ്റ്റീ ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രകാശനം നടത്തി. ഗാന സന്ധ്യയോടെ ചടങ്ങുകൾക്ക് തിരശീല വീണു.
റിപ്പോര്‍ട്ട്: സുമോദ് നെല്ലിക്കാല (വൈസ് ചെയർമാൻ ആൻഡ് പി ർ ഓ)