മുഷ്ടി ചുരിട്ടി വാനിലേക്കുയർത്തി തീക്ഷ്ണമായ മുദ്രാവാക്യങ്ങൾ വിളിച്ചവരാണ് നമ്മളെല്ലാം. പക്ഷെ, അതെല്ലാം സൗഹൃദാന്തരീക്ഷത്തെ തകർക്കുന്നതോ ഭീതി ജനിപ്പിക്കുന്നതോ ആയിരുന്നില്ല. മുദ്രാവാക്യങ്ങൾ വെറും ആക്ഷേപങ്ങളോ അധിക്ഷേപങ്ങളോ ഭീഷണിയോ അല്ല അങ്ങിനെ ആവാനും പാടില്ല. സമരം ചെയ്യുന്നവർക്ക്, അല്ലെങ്കിൽ റാലിയിൽ ആവേശം നല്‍കുന്നതിനപ്പുറം നമ്മൾ മുന്നോട്ട് വെക്കുന്ന ആവശ്യത്തെ, പ്രശ്നത്തെ, സന്ദേശത്തെ പൊതുസമൂഹത്തിൽ എത്തിക്കുക എന്നതാണ് മുദ്രാവാക്യ ധർമ്മം.
ചില പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ഇസ്ലാമോഫോബിയ കാലത്ത് എല്ലാ കാര്യത്തിലും സമുദായത്തിലെ ചിലർ ഇരവാദം തീർക്കുന്ന പ്രവണത ഈയിടെ വർധിച്ചു കൊണ്ടിരിക്കുന്നു. ആളുകൾ പരസ്പരം ഭയപ്പെട്ടുകൊണ്ടിരിക്കുന്നു. സമുദായങ്ങൾക്കിടയിൽ അകലങ്ങൾ വർധി(പ്പി)ക്കുന്നു. സംഘി, കൃസംഘി, സുഡാപ്പി ജിഹാദി തീവ്രവാദ അപരനാമങ്ങൾ എപ്പോൾ വേണമെങ്കിലും നമ്മുടെ മതവും രാഷ്ട്രീയവും മുന്നിൽ വെച്ച് ചിലർ നമ്മെ അണിയിക്കുന്നു! ചിലരാവട്ടെ മതേതര സേഫ് സോണിൽ നിന്ന് എല്ലാത്തിനും മാർക്കിട്ട് അപരത്വ ചാപ്പ ചാർത്തി വിപ്ലവം തീർക്കുന്നു!
ഒരു വിശ്വാസി എന്ന നിലയിൽ ഞാൻ അറിഞ്ഞ പ്രവാചകൻ അനീതിക്കെതിരെ ധർമ്മ സംസ്ഥാപനത്തിനായി വിപ്ലവം നയിച്ചിട്ടുണ്ട്. അങ്ങാടിയിൽ, ഭരണത്തിൽ, പള്ളിയിൽ, അഭിസംബോധനകളിൽ ആ ചരിത്രത്തിൽ എങ്ങും ‘അരിയും മലരും കുന്തിരിക്കവും’ വെച്ചുള്ള പ്രകോപനം മുദ്രാവാക്യം വിളിച്ചതായി അറിവില്ലാത്തത് കൊണ്ടും, ധ്രുവീകരണ ശക്തികളെ ഒരു നിലക്കും അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടും, സംരക്ഷണ പ്രതിരോധ പടകളുടെ ഒരു ചെയ്തികളെയും ഇതുവരെ സപ്പോർട്ട് ചെയ്തിട്ടില്ല.
ദളിത്-മുസ്ലിം പിന്നോക്ക ന്യുനപക്ഷ പുരോഗതി, രാഷ്ട്രീയ അധികാര ഘടനയിൽ വരണം എന്ന് ആഗ്രഹിക്കുന്ന ഒരു നവ രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗം എന്ന നിലയിൽ, എന്റെ രാഷ്ട്രീയ ജീവിതത്തിൽ പാർട്ടി സംഘടന തീരുമാനങ്ങളിൽ ഇടക്കാലത്ത് എനിക്ക് പ്രയാസം ഉണ്ടാക്കിയ ഒരു തീരുമാനം ഇത്തരക്കാരോട്ള്ള സംഘപരിവാർ വിരുദ്ധ പ്ലാറ്റ് ഫോമിലെ കൂടി ചേർച്ചകൾ ആയിരുന്നു. അതിനെതിരെ വിയോജിപ്പുകൾ കൃത്യമായി ജനാധിപത്യപരമായി നേതൃത്വത്തോടും സഹപ്രവർത്തകരോടും തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം തുറന്നു പറച്ചിലുകൾകൊണ്ട് പല ഇടങ്ങളിൽ നിന്നും സംവിധാനങ്ങളിൽ നിന്നും അവഗണനകൾ നേരിട്ടു എങ്കിലും നമ്മുടെ ബോധ്യങ്ങൾകൊപ്പം തുടരാൻ കഴിയുക എന്നതാണ് ജീവിതത്തിലെ അഭിമാനകരമായ കാര്യം.
എനിക്കോർമയുണ്ട്, വളരെ കൃത്യമായ നിർദേശം നൽകിയിട്ട് പോലും കഴിഞ്ഞ പൗരത്വ സമരകാലത്ത് ഒരു സംയുക്ത സമരത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട മുദ്രാവാക്യത്തിന് അപ്പുറം പിന്നിൽ നിന്ന് (ഈ മുദ്രാവാക്യ വിവാദക്കാർ) ശബ്ദമുയർന്നപ്പോൾ തിരിഞ്ഞു നിന്ന് അത് നിർത്തി കടലാസിൽ ഉള്ളത് മാത്രം മതിയെന്ന് പറയേണ്ടി വന്നത്.
സാധാരണ മുദ്രാവാക്യ താൽപ്പര്യം എന്നത് പ്രകോപനം അല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ, സ്റ്റേറ്റ് ഭരിക്കുന്നവർക്ക് ഇക്കാര്യത്തിൽ വിവേചനം കൂടാതെ ആക്ഷൻ എടുക്കാൻ ആവുന്നില്ല എന്നതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. സംഘപരിവാർ പ്രതിസ്ഥാനത്ത് വരുമ്പോൾ അതീവ ലാഘവത്തോടെ പ്രശ്നങ്ങളെ സമീപിക്കുന്ന ഒരു രീതി ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ സംഭവിക്കുന്നത് അങ്ങേയറ്റം നിരാശജനകമാണ്.
മതത്തിന്റെയും സമുദായത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ കൂടുതൽ വിഭാഗിത സൃഷിടിച്ച,ആക്രമണങ്ങൾ നടത്തുന്ന, വർഗ്ഗീയത പറയുന്ന സംഘപരിവാർനെതിരെ കാര്യമായ നടപടി സ്വീകരിക്കാതെ വരുമ്പോൾ അസ്വസ്ഥതജനകമായ ഇരവാദം കൂടികൊണ്ടിരിക്കും. അതിനുള്ള സാഹചര്യം ഉണ്ടാക്കാതെ ആരെന്ന് നോക്കാതെ ശക്തമായ നടപടികൾ സ്വീകരിച്ച് സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷവും വിവിധ ജനവിഭാഗങ്ങൾക്കിടയിലെ സഹവർത്തിത്വവും പരസ്പര വിശ്വാസവും നിലനിർത്താൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്.
തീർച്ചയായും മതത്തെയും രാഷ്ട്രീയത്തെയും പൗര സ്വാതന്ത്ര്യത്തെ കുറിച്ചും, നീതിയെ കുറിച്ചും, മാനവികതയെ കുറിച്ചും, സഹോദര്യത്തെ കുറിച്ചും, എപ്പോഴും ചിന്തിക്കുകയും പറയുകയും കേൾക്കുകയും ചെയ്യേണ്ട, നീതിക്ക് വേണ്ടി സത്യങ്ങൾ വിളിച്ചു പറയേണ്ട ഒരു കാലവും കൂടിയാണിത്.
അതുകൊണ്ട് ധ്രുവീകരണ ശബ്ദങ്ങളെയും ചെയ്തുകളെയും ഒരിക്കലും അംഗീകരിക്കില്ല. കക്ഷിരാഷ്ട്രീയ മത, സംഘടന അതിരുകൾക്കപ്പുറം യുവജനങ്ങൾ രംഗത്തു വരണം നമ്മുടെ നാടിന്റെ രക്ഷക്കും സമാധാനത്തിനും വേണ്ടി.
സമത്വം സാഹോദര്യം സഹവർത്തിത്വം സത്യം ധർമ്മം നീതി.. ജയിക്കട്ടെ..
ഇൻക്വിലാബ് സിന്ദാബാദ്..