എറണാകുളം: താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് പി.സി ജോർജ്. വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായതിന് ശേഷം കൊച്ചി എആർ ക്യാമ്പിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികരണം. കോടതി വിലക്കുള്ളതുകൊണ്ട് കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പാലാരിവട്ടം പൊലീസാണ് പിസി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ ഹൈക്കോടതിയുടെ ഇടക്കാല മുൻകൂർ ജാമ്യമുള്ളതിനാൽ ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗത്തിൽ കോടതി ജാമ്യം റദ്ദാക്കിയതിനാൽ പിസി ജോർജിനെ ഫോർട്ട് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് ശക്തമായ പൊലീസ് സുരക്ഷയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇന്നുതന്നെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് സംഘം നേരത്തെ തന്നെ കൊച്ചിയിലെത്തിയിരുന്നു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഇന്നലെത്തനെ പിസി ജോർജിന് നോട്ടിസ് നൽകിയിരുന്നു. ഇതേ തുടർന്നാണ് മൂന്നര മണിയോടെ പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിതിയുടെ ജാമ്യം റദ്ദാക്കിയ നടപടിക്കെതിരെ പി സി ജോർജ് ഹൈക്കോടതിയെ സമീപിക്കും. വെണ്ണല കേസിൽ അദ്ദേഹത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി വ്യാഴാഴ്ച (നാളെ) പരിഗണിക്കും.