സോളിഡാരിറ്റിക്കെതിരെ തീവ്രവാദ ആരോപണമുന്നയിക്കുന്ന സി.പി.എം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ മുസ്ലിം വിരുദ്ധതയുടെ പ്രചാരകനാകുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള.
സംസ്ഥാനത്തുടനീളം സംഘ് പരിവാർ വിദ്വേഷ പ്രചരണങ്ങൾ നടത്തുമ്പോൾ അതിലൊന്നും പ്രതികരിക്കാതെ മുസ്ലിം സംഘടനകൾക്ക് മേൽ തീവ്രവാദ മുദ്ര പതിപ്പിക്കുകയാണ് സി.പി.എം സെക്രട്ടറി. ചില വിഭാഗങ്ങളെ മുൻനിർത്തി മുസ്ലിംകൾക്കെതിരെ ഇടക്കിടെ സംസാരിച്ച് കേരള പൊതുബോധത്തിൽ നിർമിച്ചെടുത്ത ഇസ്ലാം പേടിയെ ഉപയോഗപ്പെടുത്തി ഭുരിപക്ഷ പൊതുബോധത്തെ തൃപ്തിപ്പെടുത്താനും അതുവഴി രാഷട്രീയ നേട്ടങ്ങളുണ്ടാക്കാനുമാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ധ്രുവീകരണത്തിലൂടെ നേട്ടുണ്ടാക്കിയത് തൃക്കാക്കരയിലും ആവർത്തിക്കാനാണ് ഇത്തരം സമവാക്യങ്ങൾ പടച്ച് വിടുന്നത് .
സർക്കാർ-പൊലീസ് സംവിധാനങ്ങളെ വരെ ഉപയോഗിച്ച്, ഇസ്ലാം-മുസ്ലിം പേടിയെ അടിസ്ഥാനമാക്കിയുള്ള സംഘ് പ്രചാരണങ്ങൾക്കും ഭാഷ്യങ്ങൾക്കും മേലൊപ്പ് ചാർത്തുകയാണ് ഇടതുപക്ഷം. താൽകാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി കേരള സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കുന്ന പ്രചരണങ്ങൾ നടത്തരുതെന്നും ഇടതുപക്ഷം ഇസ്ലാമോഫോബിയയുടെ പ്രചാരകരാകരുതെന്നും നഹാസ് മാള കൂട്ടിച്ചേർത്തു.