നീണ്ടുർ: പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർകാട്ടിൽ, 85, അന്തരിച്ചു. നീണ്ടുർ മണ്ണാർകാട്ടിൽ പോത്തൻ ചാക്കോയുടെയും മറിയാമ്മയുടെയും അഞ്ചു മക്കളിൽ നാലാമനായിരുന്നു. സഹോദരരാരും ജീവിച്ചിരിപ്പില്ല.
വിദ്യാഭ്യാസാനന്തരം മരാമത്ത് വകുപ്പിൽ വർക്ക് സുപ്രണ്ട് ആയിരിക്കെ റെയിൽവേ മെയിൽ സർവീസിൽ (ആർ.എം.എസ്) ഉദ്യോഗസ്ഥനായി. 30 വര്‍ഷം അവിടെ സേവനമനുഷ്ടിച്ച ശേഷം വോളന്ററി റിട്ടയർമെന്റ് എടുക്കുകയായിരുന്നു. അതിനു ശേഷം 1989-ൽ അമേരിക്കയിലെത്തി. തുടർന്ന് 10 വര്‍ഷം ഇവിടെ ജോലി ചെയ്ത ശേഷം റിട്ടയർ ചെയ്തു.
അമേരിക്കയിലെത്തിയ ശേഷമാണ് എഴുത്തിൽ സജീവമായത്. അദ്ദേഹം സഞ്ചരിക്കാത്ത രാജ്യങ്ങൾ കുറവാണ്. അവിടെ നിന്നുള്ള അനുഭവങ്ങൾ പുസ്തകങ്ങളായി മലയാള സാഹിത്യത്തിൽ ലബ്ധപ്രതിഷ്ഠ നേടി. അമേരിക്ക: സ്വാതന്ത്യത്തിന്റെ നാട്,കാനഡ: ഭുമിയുടെ ധാന്യപ്പുര, മെക്സിക്കോ: ചരിത്രം ഉറങ്ങുന്ന ഭുമി, ഇസ്രയേല്‍ യാത്ര, ക്യുബയും അയല്‍ രാജ്യങ്ങളും, ഹാവായ്: അഗ്നിപര്‍വതങ്ങളുടെ നാട്, ഇറാക്കിന്റെ വര്‍ത്തമാനം, പാക്കിസ്ഥന് വിശേഷങ്ങള്‍; പാനമ-പെറു-മാച്ചുപിച്ചു യാത്ര, യു.എ.ഇ.-ലബനന്-തുര്‍ക്കി യാത്ര, ഭാരത യാത്ര എന്നീ പതിനൊന്നു യാത്രാവിവരണങ്ങള്‍ പ്രസിദ്ധീകരിച്ചു.
2011 -ൽ ലാനയുടെ വിശിഷ്ടാംഗീകാരം നേടിയ എം.സി. ചാക്കോ മണ്ണാര്‍കാട്ടില്‍ മലയാള സഞ്ചാര സാഹിത്യത്തിന് അമേരിക്കന്‍ മലയാളികളുടെ വിലപ്പെട്ട സംഭാവനയാണ്. ന്യൂയോര്‍ക്കിലെ ജീവിതത്തിനിടയിലും റിട്ടയര്‍മെന്റിനുശേഷവും ലോകമെമ്പാടും സഞ്ചരിച്ചുകൊണ്ട് കാഴ്ചയുടെ വര്‍ണ്ണങ്ങളും വൈവിധ്യവും വായനക്കാരിലേക്ക് എത്തിച്ചുകൊണ്ട് ശ്രദ്ധേയമായ സാഹിത്യ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.
ദശകങ്ങളോളം നീണ്ട യാത്രാനുഭവങ്ങള്‍ പുസ്തകങ്ങളിലേക്ക് പകര്‍ത്തിയപ്പോള്‍ ഭാഷയ്ക്ക് ലഭിച്ചത് പന്ത്രണ്ടോളം മികവുറ്റ യാത്രാഗ്രന്ഥങ്ങളായിരുന്നു. റിട്ടയര്‍മെന്റിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയെങ്കിലും ഭൂഖണ്ഡങ്ങളിലെ വിസ്മയക്കാഴ്ചകള്‍ തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.
ആദ്യത്തെ ആറു പുസ്തകങ്ങള്‍ ഫൊക്കാന പുരസ്കാരങ്ങള്‍ നേടി. 2011-ല്‍ ലാന അവാര്‍ഡ് നേടി. ബാലജന സഖ്യം അവാര്‍ഡ്, നെടുഞ്ചിറ സാഹിത്യ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
ഭാര്യ അന്നമ്മ ടീച്ചർ (ഹിന്ദി അന്നമ്മ) നീണ്ടൂർ അത്തിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ബീന ജോസഫ് & ടോമി പീടികയിൽ, ന്യു ജേഴ്സി; ബിനോയി & ബീന പടവത്തിയിൽ, ഓസ്റ്റിൽ, ടെക്സസ്; ബിന്ദു ജോയി & സജു ജോയി, പിറ്റസ്ബർഗ്, പെൻസിൽവേനിയ; ബിനു & സണ്ണി (ചിക്കാഗോ) പതിനാറു കൊച്ചുമക്കളും അവരുടെ മൂന്നു മക്കളുമുണ്ട്.
സംസ്കാരം മെയ് 29 ഞായറാഴ്ച ഉച്ചക്ക് ശേഷം നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ നടത്തും.