തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിന് ‘ഹോം’ എന്ന ചിത്രം പരിഗണിക്കാത്തതിനെ വിമർശിച്ച് നടൻ ഇന്ദ്രൻസ് രംഗത്ത്. ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു ‘ഹോം’. എന്നാല്‍, നിർമ്മാതാവ് വിജയ് ബാബുവിനെതിരെ ലൈംഗിക പീഡന കേസ് ആരോപിക്കപ്പെട്ടതാണ് ‘ഹോം’ തഴയപ്പെട്ടതെന്നാണ് ആരോപണം.
വ്യക്തിപരമായി എനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ സിനിമയെ പൂര്‍ണ്ണമായി തഴഞ്ഞത് എന്തിനെന്ന് അറിയില്ല. മികച്ച നടനുള്ള പുരസ്ക്കാരം രണ്ട് പേര് പങ്കിട്ടില്ലേ. ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല ചിത്രമാണ്. അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവെയ്ക്കാമായിരുന്നില്ലെ- ഇന്ദ്രന്‍സ് ചോദിച്ചു.
എന്റെ കുടുംബത്തെ തുലച്ചു കളഞ്ഞതില്‍ എനിക്ക് ഖേദമുണ്ട്. ഹോം സിനിമയുടെ പിന്നിൽ വലിയൊരു അണിയറ പ്രവർത്തകർ ഉണ്ടായിരുന്നു. കൊറോണ കാലത്ത് സർക്കാർ നിശ്ചയിച്ച പരിധിക്കുള്ളിലാണ് സിനിമ നിർമ്മിച്ചത്. സംവിധായകന്റെ ഏറെ നാളത്തെ സ്വപ്നം. സിനിമ കണ്ടവരെല്ലാം പോസിറ്റീവായി അഭിപ്രായം പറഞ്ഞു. ചിത്രം ഒഴിവാക്കാനുള്ള കാരണം ആദ്യമേ തന്നെ കണ്ടെത്തിയിരിക്കാമെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.