ബംഗളൂരു: മാര്‍ച്ച് 21-ന് ബംഗളൂരുവിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തക ശ്രുതി അവസാനമായി നാട്ടിലെ വീട്ടിലേക്ക് വിളിച്ച ശബ്ദരേഖ പുറത്ത്. റോയിട്ടേഴ്സിലെ പ്രവര്‍ത്തകയായിരുന്നു ശ്രുതി. ഭര്‍ത്താവ് അനീഷ് കോറോത്ത് തന്നെ വളരെയധികം ഉപദ്രവിക്കുന്നു എന്നാണ് മരിക്കുന്നതിനു മുന്‍പ് ശ്രുതി വീട്ടിലേക്ക് ഫോണില്‍ വിളിച്ച് പരാതി പറഞ്ഞത്. ആ ശബ്ദശേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
“എല്ലാം പരിഹരിക്കാമെന്ന് പറഞ്ഞ അന്ന് എന്നെ അടിച്ചു, മുഖത്ത് കടിച്ചു. ഞാന്‍ അതൊന്നും ആരോടും പറഞ്ഞിട്ടില്ലല്ലോ. രണ്ടുമാസം നമുക്ക് നോക്കാമെന്ന് പറഞ്ഞു. അതിനുശേഷമാണ് എന്നെ അടിച്ചത്,” വീട്ടുകാരോട് ശ്രുതി പറയുന്നു.
ഭര്‍ത്താവ് അനീഷിനെതിരെ ഭര്‍തൃപീഡനത്തിനുള്‍പ്പെടെ കേസ് എടുക്കണമെന്ന കുടുംബത്തിന്റെ ആവശ്യം പൊലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ശ്രുതിയുടെ മരണം സംഭവിച്ച് രണ്ടരമാസം പിന്നിടുമ്പോഴും ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ എവിടെയെന്ന് കണ്ടെത്താനും പൊലീസിനായിട്ടില്ല.
അന്വേഷണത്തില്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് ശ്രുതിയുടെ കുടുംബം നേരത്തേ കര്‍ണാടക സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പുതിയ എസ്പിക്ക് അന്വേഷണച്ചുമതല കൈമാറിയെങ്കിലും കാര്യമായ തെളിവുകള്‍ കിട്ടിയില്ലെന്ന് പറഞ്ഞാണ് തുടര്‍നടപടികള്‍ വൈകിപ്പിക്കുന്നത്.