സന: യെമനിലെ ചെങ്കടൽ തുറമുഖ നഗരമായ ഹൊദൈദയിൽ മൂന്ന് വ്യത്യസ്ത കുഴിബോംബ് സ്‌ഫോടനങ്ങളിൽ ഒരു കുട്ടിയും സ്ത്രീയും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഹൂതികൾ സ്ഥാപിച്ച കുഴിബോംബുകളാണ് സ്ഫോടനങ്ങൾക്ക് കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹൊദൈദയുടെ തെക്ക് ഭാഗത്താണ് ആദ്യ സ്‌ഫോടനം ഉണ്ടായതെന്നും മോട്ടോർ സൈക്കിളിൽ ഇടിച്ചാണ് ഒരു കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മറ്റൊരു സംഭവത്തിൽ, അൽ ഹാലി ജില്ലയിൽ ഒരു സ്ഫോടനത്തെത്തുടർന്ന് ഒരു സ്ത്രീയും മരിച്ചു. മൂന്നാമത്തെ സംഭവത്തിൽ, ഹെയ്‌സ് ജില്ലയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെ ഒരാൾ മരിക്കുകയും ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2014 അവസാനത്തോടെ ഇറാന്റെ പിന്തുണയുള്ള ഹൂത്തി മിലീഷ്യ വടക്കൻ പ്രവിശ്യകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദിയുടെ പിന്തുണയുള്ള യെമൻ ഗവൺമെന്റിനെ തലസ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്ത ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഒരു ദശലക്ഷത്തിലധികം കുഴിബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് യെമനിലെ കുഴിബോംബ് നിർമാർജന വിദഗ്ധർ പറയുന്നു.
യെമനിലെ സൗദി പ്രോജക്ട് ഫോർ ലാൻഡ്‌മൈൻ ക്ലിയറൻസിന്റെ (MASAM) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പദ്ധതി 2018 പകുതി മുതൽ ഇതുവരെ 339,431 കുഴിബോംബുകൾ നീക്കം ചെയ്തിട്ടുണ്ട്.