ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു കെ എഫ് സി റസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്ത ഫ്രൈഡ് ചിക്കൻ ഡിഷിൽ റബ്ബർ ബാൻഡ് കണ്ടെത്തിയതിനെ തുടർന്ന് നഗരത്തിലെ ഒരു ആക്ടിവിസ്റ്റ് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (ജിഎച്ച്എംസി) പരാതി നൽകി.
ഞായറാഴ്ച വാങ്ങിയ കോഴിയിറച്ചിയിൽ റബ്ബർ ബാൻഡ് കണ്ടെത്തിയതായി സാമൂഹ്യ പ്രവർത്തകനായ സായ് തേജ ട്വിറ്ററിൽ കുറിച്ചു. ആദ്യം കെഎഫ്‌സിയിൽ പരാതി നൽകിയെങ്കിലും അവരിൽ നിന്ന് മറുപടി ലഭിച്ചില്ല.
“എന്റെ നാലാമത്തെ ചിക്കൻ കഷണം കഴിക്കുമ്പോൾ എനിക്ക് വായിൽ എന്തോ അനുഭവപ്പെട്ടു, അത് പ്ലാസ്റ്റിക്ക് പോലെ തോന്നി, എന്നാൽ എടുത്ത് പരിശോധിച്ചപ്പോഴാണ് റബ്ബർ പോലെ കാണപ്പെട്ടത്. ഞാൻ കെഎഫ്‌സിയിൽ വിളിച്ച് പ്രശ്നം പറഞ്ഞു, അവർ എനിക്ക് ഒരു കസ്റ്റമർ സർവീസ് നമ്പർ നൽകി. ഞാൻ കെഎഫ്‌സി കസ്റ്റമർ സർവീസ് ഫോൺ ലൈനിൽ നിരന്തരം ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.
അതോടെയാണ് തേജ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ (ജിഎച്ച്എംസി) പരാതിപ്പെട്ടത്. തേജയുടെ പരാതിയെ തുടർന്ന് ജിഎച്ച്എംസി ഫുഡ് ഇൻസ്‌പെക്ടർമാരെ പരിശോധനയ്ക്ക് അയച്ചു.