ന്യൂയോർക്ക്: വിവാഹ ജീവിതത്തിന്‍റെ അമ്പത്തിയൊന്നാണ്ടുകൾ പിന്നിട്ടതിന്‍റെ സന്തോഷദീപം എൺപതുകളിലെത്തിയ ചാക്കോ വെള്ളരിങ്ങാട്ടും ഡോ. ലിസിയും തെളിയിച്ചപ്പോൾ ആ നിലവിളക്ക് ദീപത്തിൽ നിന്നുള്ള കിരണങ്ങൾ സദസിലുണ്ടായിരുന്ന എൺപത്തിനാല് ദമ്പതികളിൽ ആഹ്‌ളാദത്തിന്‍റേയും സായൂജ്യത്തിന്‍റെയും വർണ പൂത്തിരികളായി പെയ്‌തിറങ്ങി.
ന്യൂയോർക്ക് ബെത്‌പേജ് സെന്‍റ് മേരീസ് സീറോ മലബാർ ഇടവക വൈവാഹിക രജത ജൂബിലിയും അതിലേറെയും പിന്നിട്ടവർക്ക് ആദരമർപ്പിക്കുന്ന ചടങ്ങാണ് അഭൗമിക നിമിഷങ്ങളുടെ നിറക്കൂട്ടുകൾ ചാലിച്ചെടുത്തത്. മേയ് 29 ന് പാരിഷ് ഹാളായിരുന്നു ഈ അപൂർവ ഒത്തുചേരലിനു വേദിയായത്.
വികാരി ഫാ. ജോൺ മേലേപ്പുറത്തിന്‍റെ ചിന്താമണ്ഡലത്തിൽ വിരിഞ്ഞ ആശയത്തിന് സാക്ഷാത്കാരം നൽകാൻ പാരിഷ് കൗൺസിൽ അംഗങ്ങളും ജൂബിലി കമ്മിറ്റിയും ഏകമനസോടെ പ്രവർത്തിച്ചപ്പോൾ ചടങ്ങുകൾ അദ്ഭുത വിജയത്തിന്‍റെ മേൽത്തട്ടിലെത്തി.
ഷിക്കാഗോ സെന്‍റ് തോമസ് രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്‍റെ സാന്നിധ്യം ആഘോഷദിനത്തിന്‍റെ ആത്മീയ ചൈതന്യമുയർത്തുന്നതായിരുന്നു. അദ്ദേഹത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. അതിനു മുന്നോടിയായി പാരിഷ് ഹാളിൽ നിന്നും ദമ്പതികൾ പ്രദക്ഷിണമായി പള്ളിയിലേക്ക് പ്രവേശിച്ചു. വിവിധ ഗ്രൂപ്പുകളായാണ് ദമ്പതികളെ ആനയിച്ചത്.
അമ്പതുവർഷം പിന്നിട്ട ആദ്യ ഗ്രൂപ്പിൽ ചാക്കോ വെള്ളരിങ്ങാട്ടും ഡോ. ലിസിയും മാത്രമാണുണ്ടായിരുന്നത്. അതിനുപിന്നിൽ 45 മുതൽ അമ്പതുവർഷം വരെയുള്ളവർ തുടർന്നു 40 മുതൽ 45 വരെ. അതിനു പിന്നാലെ അഞ്ചുവർഷത്തെ വ്യത്യാസത്തിലുള്ള വിവിധ ഗ്രൂപ്പുകൾ. 25 മുതൽ 30 വരെയുള്ളവരായിരുന്നു ജൂണിയേർസ്. എങ്കിലും മുപ്പതു മുതൽ 35 വരെയുള്ളവരുടെ വിഭാഗത്തിനായിരുന്നു അംഗബലം കൂടുതൽ.
കുർബാനമധ്യേ വിവാഹ പ്രതിജ്ഞയുടെ പുനരരാഖ്യാനമാണ് ആകര്ഷകമായത്. അഭിമുഖമായി നിന്ന് “ഇന്നു മുതൽ മരണം വരെ സന്തോഷത്തിലും ദുഖത്തിലും സമ്പത്തിലും ദാരിദ്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും”…… എന്ന വാഗ്ദാനം ദമ്പതികൾ പുനരാവർത്തിച്ചപ്പോൾ പലരുടെയും മനസിൽ കാലങ്ങൾക്കു മുമ്പ് നടന്ന വിവാഹ ദിനം ഓർമയുടെ സ്‌ക്രീനിൽ തെളിഞ്ഞു. ചിലർ കണ്ണീർകണങ്ങൾ വാർത്തു; മറ്റു ചിലർ സിന്ദൂര പൊട്ടുതൊട്ട് ശൃംഗാര കൈയ്യും വീശി നടക്കാൻ വെമ്പൽകൊണ്ടു.
സമർപ്പണത്തിന്‍റെ കൂദാശയാണ് കത്തോലിക്ക സഭയിലെ വിവാഹ ശുശ്രൂഷയെന്നു മാർ ജോയ് ആലപ്പാട്ട് ചൂണ്ടിക്കാട്ടി. ഇതിനൊക്ക ഒരു രജിസ്റ്റർ ഓഫിസ് മതിയല്ലോ എന്ന നിയോ ലിബറൽ ചിന്താഗതിക്ക് കത്തോലിക്ക സഭ നൽകുന്ന എതിർ വ്യാഖ്യാനമാണ് കൂദാശാധിഷ്ഠിതമായ വിവാഹം. ദമ്പതികൾക്കു പുറമെ ഈശോയുടെ മൂന്നാമത് വിശുദ്ധ സാന്നിധ്യമാണ് കൂദാശയുടെ പ്രത്യേകത. അതുമാത്രമല്ല കൂദാശകളിലൂടെയാണ് മുന്നോട്ടുള്ള ജീവിതത്തിനു ശക്തി ലഭിക്കുന്നതും. ഒരു വിവാഹജീവിതം നയിക്കാൻ ഇവർക്കു കെൽപ്പുണ്ടോ എന്നു ആശങ്കപ്പെടുന്ന ബന്ധുമിത്രാതികളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് സുഗമ ജീവിതം നയിക്കുന്നവർക്ക് അതിനുള്ള ശക്തി ലഭിക്കുന്നത് കൂദാശയിലൂടെയുള്ള പരിശുദ്ധാമാവിന്‍റെ സ്വർഗീയ ഇടപെടലുകൾ കൊണ്ടാണ്. കൂദാശകളെ അവഗണിച്ചുള്ള വിവാഹങ്ങൾ തുടർജീവിതത്തിൽ തോൽക്കുന്നതും സ്വർഗീയ ഇടപെടലുകളുടെ ദാരിദ്ര്യം കൊണ്ടുതന്നെ.
പൗരോഹിത്യവും വിവാഹവും പൂരകങ്ങളായ കൂദാശകകളെന്നാണ് സഭ പഠിപ്പിക്കുന്നത്. സമർപ്പണമാണ് ഇരു കൂദാശകളുടെയും അടിത്തറ. പൗരോഹിത്യം സമൂഹത്തിനായി സമർപ്പിക്കപ്പെടുമ്പോൾ വിവാഹം സഭയുടെ ശക്തിയായ കുടുംബത്തിന് സമർപ്പിക്കപ്പെടുന്നു – മാർ ജോയി ആലപ്പാട്ട് വിശദീകരിച്ചു.
മനസു നിറയുന്ന സന്തോഷമാണ് ഇന്ന് അനുഭവിക്കുന്നതെന്ന് മാർ ആലപ്പാട്ട് ചൂണ്ടിക്കാട്ടി. ഇന്നലെ അറ്റലാന്‍റയിൽ പട്ടത്വ ശുശ്രൂഷയിൽ പങ്കെടുത്ത ശേഷമാണ് ന്യൂയോർക്കിൽ വന്നത്. സഭയുടെ വളർച്ചയാണ് രണ്ടിടങ്ങളിലും കണ്ടത്. അറ്റ്ലാന്‍റയിൽ അമേരിക്കയിലെ സീറോ മലബാർ സഭക്കായി ആറാമത് വൈദികനെ അഭിഷേകം ചെയ്തു. ഇവിടെ പ്രാർഥനപൂർണമായ ജീവിതത്തിലൂടെ വിശ്വാസത്തിൽ അധിഷ്ഠിതമായ തലമുറയെ വാർത്തെടുത്ത മാതാപിതാക്കളെ ആദരിക്കാനായി; ഇതിലുമേറെ എന്താണ് സന്തോഷിക്കാൻ – മാർ ആലപ്പാട്ട് പറഞ്ഞു.
ഞങ്ങൾ വൈദികരും വിവാഹം കഴിച്ചവരാണെന്നായിരുന്നു വികാരി ഫാ. ജോൺ മേലേപ്പുറത്തിന്‍റെ വിശദീകരണം. നിങ്ങൾക്ക് ഭാര്യയുള്ളപ്പോൾ ഞങ്ങൾക്ക് പങ്കാളികൾ ഇടവക സമൂഹമാണ്. രണ്ടും സമർപ്പണ ജീവിതം തന്നെ. ഈ ഇടവകയുടെ വളർച്ചക്കായി ത്യാഗം സഹിച്ചവരെയാണ് അനുമോദിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഒന്നുമില്ലാതിരുന്ന സീറോ മലബാർ സഭ അമേരിക്കയിൽ ഇന്നുകളിൽ നേടിയ വളർച്ച നിങ്ങളുടെ വിയര്പ്പിന്‍റെ അർപ്പണങ്ങളിൽ അധിഷ്ടിതമാണ്. ആ സൗമനസ്യത്തിന് സഭ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.
ഷാൻ ഷാജിയും രേഷ്‌മ ടാജ് മാത്യുവുമായിരുന്നു പൊതുസമ്മേനത്തിലെ എംസിമാർ. തിരക്കുകൾക്കിടയിലും ഇവിടെ വന്നെത്താൻ സന്മനസ് കാട്ടിയ മാർ ആലപ്പാട്ടിന് എംസിമാർ നന്ദി പറഞ്ഞു.
കല്യാണ വിരുന്നുപോലെ തന്നെയായിരുന്നു പാരിഷ് ഹാളിലെ റിസപ്ഷൻ. ദമ്പതികൾക്ക് പ്രത്യേകമായി ഇരിപ്പിടങ്ങൾ, അവരുടെ ആവശ്യങ്ങൾ അന്വേഷിക്കാനും നിവർത്തിക്കാനും സഹായികൾ, വിളിപ്പുറത്തുള്ള വോളണ്ടിയേഴ്സ്…സർവോപരി പഴുതുകൾ അടച്ചുള്ള കമ്മിറ്റി അംഗങ്ങളുടെ സംഘാടന മികവ്…എല്ലാം പൊടിപൂരം .
രണ്ടാം തലമുറ നൂറുശതമാനം ആത്മാർഥതയോടെയാണ് പങ്കെടുത്തത്. നവദമ്പതികളെ വരവേൽക്കുന്ന പോലെയായിരുന്നു യുവജനങ്ങളുടെ ഇടപെടൽ. പ്രേമ വിവാഹിതരെ കണ്ടെത്താനുള്ള ഗെയിം ശ്രദ്ധനേടി. പ്രേമത്തിന്‍റെ നാൾവഴികൾ വിവരിക്കാൻ ആവശ്യപ്പെട്ടപ്പോൾ പലർക്കും നാണമായിരുന്നു. ബൈബിളേലേതുപോലെ ജേക്കബ് റേച്ചലിനെ തേടിനടന്നത് മുടക്കോലിൽ ജേക്കബ് വിശദീകരിച്ചു. അതു പ്രേമമല്ല തേടിനടക്കൽ ആയിരുന്നു എന്ന് ജേക്കബ് സമർത്ഥിക്കാൻ ശ്രമിച്ചപ്പോൾ ഇതൊക്കെത്തന്നെയാണ് പ്രേമമെന്നു അറിയപ്പെടുന്നതെന്ന് ജോണച്ചൻ തിരുത്തി. നീണ്ട മുടിയുള്ള പെണ്ണിനെ തപ്പി നടക്കുമ്പോഴാണ് ജയയെ കണ്ടുമുട്ടിയതെന്ന് വിൻസെന്‍റ് വാതപ്പള്ളിൽ പറഞ്ഞപ്പോൾ സ്‌കൂൾ തലം മുതൽ ഒരു ബെഞ്ചിലിരുന്ന് കണ്ണും കണ്ണും കൈമാറിയത് വിട്ടു പോകരുതെന്ന് ജോണച്ചൻ ഓർമിപ്പിച്ചു.
ആരാണ് ഒരുക്കത്തിന് കൂടുതൽ സമയമെടുക്കുന്നതെന്നായിരുന്നു അടുത്ത ഗെയിം. പെണ്ണുങ്ങൾ എന്ന പരമ്പരാഗത വിശ്വാസത്തെ പൊളിച്ചടുക്കുന്നതായിരുന്നു ഗെയിമിലെ വെളിപ്പെടുത്തലുകൾ. ആണുങ്ങൾ തന്നെ കൂടുതൽ എന്നു സമർത്ഥിക്കുന്നതിൽ ഷൈല പോളും മേരി ഫിലിപ്പും വിജയിച്ചു.
കലാപരിപാടികളാൽ സമ്പന്നമായിരുന്നു ആഘോഷദിനം. ഫ്യൂഷൻ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഗാനമേള, ഫാഷൻഷോ എന്നിവ ഹൃദ്യമായി. വിസ്‌മയം വിതറിയ ആഘോഷ പരിപാടികൾക്ക് ട്രൂസ്റ്റിമാരായ റെജി കുര്യൻ, സണ്ണി ജോർജ്, വിൻസെന്‍റ് വാതപ്പള്ളിൽ, സിബി ജോർജ് അംഗ ങ്ങളായ ബിനോദ് മാത്യു, കെൻ സെബാസ്റ്റ്യൻ, പ്രതീഷ് ജോസ്, റീന അലക്സ്, ഷിബി പോൾ, ഷിനോ എബ്രഹാം, സിജു പുതുശേരി, ടെസി വിൻസെന്‍റ്, സേവ്യർ വർഗീസ്, ജിൻടു ജയിംസ്, റോയി ആന്‍റണി എന്നിവരാണ് നേതൃത്വം നൽകിയത്. അലക്സ് മണലിൽ, സെന്‍റ് മേരീസ് പള്ളി ഏയ്ഞ്ചൽ ക്വയർ എന്നിവർ ഗാനപനത്തിലൂടെ പരിപാടികളെ സംഗീതമയമാക്കി.