വിദ്യാഭ്യാസ ധനസഹായ പദ്ധതിയുമായി നയാഗ്ര മലയാളി സമാജം

നയാഗ്ര: മലയാളി സമാജത്തിന്‍റെ “തണൽ മരം’ പദ്ധതിക്ക് കീഴിലുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ ഉത്ഘാടനം ഇടുക്കിയിൽ നടന്നു. ജൂൺ 1നു മാങ്കുളത്തു സെന്റ് മേരീസ് സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിചായിരുന്നു ഈ വർഷത്തെ തണൽമരം പദ്ധതികളുടെ ഉത്ഘാടനം.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു 75 വിദ്യാർത്ഥികളുടെ പഠനത്തിനുള്ള സഹായങ്ങളാണ് നയാഗ്ര മലയാളി സമാജം നൽകുന്നത്. 2022-23ൽ മാങ്കുളം സെന്റ് മേരീസ് സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ ഗുണം ലഭ്യമാകുക.

ദേവികുളം എംൽഎ എ രാജ ആദ്യ ഗഡു നൽകി വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു. നാടിനെ മറക്കാത്ത നയാഗ്ര മലയാളികളെ അദ്ദേഹം പ്രശംസിച്ചു. നയാഗ്ര മലയാളി സമാജത്തിന്റെ തണൽ മരം പദ്ധതി മറ്റുള്ള പ്രവാസി സംഘടനകൾക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്മിറ്റി അംഗമായ ടോണി മാത്യു സമാജത്തിന്റെ സേവന മറ്റു പദ്ധതികളെക്കുറിച്ചു ചടങ്ങിൽ വിശദീകരിച്ചു. വരും നാളുകളിൽ സമാജത്തിനു കൂടുതൽ സാമൂഹിക സേവന പദ്ധതികൾ നടപ്പാക്കാൻ കഴിയട്ടെ എന്ന് സമാജത്തെ പ്രതിനിധീകരിച്ചു ചടങ്ങിൽ സംസാരിച്ച സ്റ്റാൻലി ജോർജ് പകലോമറ്റം ആശംസിച്ചു. ആൻജോ ജോണി, ബിനു ജോർജ് പകലോമറ്റം എന്നിവരും നയാഗ്ര മലയാളി സമാജത്തെ പ്രതിനിധീകരിച്ചു ചടങ്ങിന് എത്തിയിരുന്നു.

മാങ്കുളം പഞ്ചായത്ത് പ്രസിഡന്‍റ് വിനീത സജീവൻ, സ്കൂൾ മാനേജർ ഫാ. മാത്യു കരോട്ടുകൊച്ചറക്കൽ, രക്ഷാധികാരി എംടി ആന്‍റണി എന്നിവരും പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തു.

ഒറ്റ ഗഡുവായി പണം നൽകുക എന്നതിന് പകരം എല്ലാ മാസവും നിശ്ചിത തുക വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കു നൽകി ഒരു വർഷത്തെ മുഴുവൻ വിദ്യാഭ്യാസ ചിലവും ഏറ്റെടുക്കുന്ന രീതിയിലാണ് പദ്ധതി. അധ്യയന വർഷത്തിലെ പത്തുമാസം 750 രൂപ വീതം വിദ്യാർത്ഥികളിലേക്ക് ലഭിക്കും. ഒരു വർഷം ഒരു വിദ്യാർത്ഥിക്ക് 7500 രൂപ ചെലവ്‌ എന്ന കണക്കിൽ 75 വിദ്യാർത്ഥികൾക്ക് 5,62,500 രൂപയാണ് ചെലവ്. ഈ തുക മുഴുവൻ നയാഗ്ര മലയാളി സമാജം നൽകും. തുക കൃത്യമായി പഠനാവശ്യങ്ങൾക്ക് തന്നെ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്താനാണ് ഈ രീതി അവലംബിച്ചിരിക്കുന്നത്.

നയാഗ്ര മലയാളി സമാജത്തിന്റെ ഭവന നിർമാണ പദ്ധതിയുടെ കോ-ഓർഡിനേറ്ററായ ഡെന്നി കണ്ണൂക്കാടൻ തന്നെയാണ് ഈ പദ്ധതിക്കും മേൽനോട്ടം വഹിക്കുന്നത്. പദ്ധതിയിൽ പങ്കാളികളാകാൻ താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും, സംഭാവനകൾ ourNMS@outlook.com എന്ന ഇമെയിലേക്ക് അയക്കാവുന്നതാണെന്നും നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു.

പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്‍റ് ആഷ്‌ലി ജോസഫ്, സെക്രട്ടറി എൽഡ്രിഡ് കാവുങ്കൽ, ട്രഷറർ പിന്റോ ജോസഫ്, ജോയിന്റ് സെക്രട്ടറി രാജേഷ് പാപ്പച്ചൻ, ജോയിന്‍റ് ട്രഷറർ ബിന്ധ്യ ജോയ്, ഓഡിറ്റർ ലിജേഷ് ജോസഫ്, കമ്മറ്റി അംഗങ്ങളായ കവിത പിന്‍റോ, നിത്യ ചാക്കോ, മധു സിറിയക്, റോബിൻ ചിറയത്ത്, സജ്‌ന ജോസഫ്, അനൂബ് രാജു, കേലാബ് വർഗീസ്, ക്രിസ്റ്റി ജോസ്, രാമഭദ്രൻ സജികുമാർ, ശിൽപ ജോഗി, ഷോബിൻ ബേബി, യൂത്ത് കമ്മിറ്റി അംഗങ്ങളായ ആൽവിൻ ജയ്‌മോൻ, ജെഫിൻ ബൈജു, പീറ്റർ തെക്കേത്തല, നേഹ ലോറൻസ് എന്നിവരും ബോർഡ് ഓഫ് ഡയറക്ടർമാരായ ജയ്‌മോൻ മാപ്പിളശ്ശേരിൽ, ജോർജ് കാപ്പുകാട്ട്, ലിനു അലക്സ് എന്നിവരെ കൂടാതെ ഉപദേശക സമിതി അംഗങ്ങളായ സുജിത് ശിവാനന്ദ്, രാജീവ് വാരിയർ, വർഗീസ് ജോസ്, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേൽ, വിൻസെന്റ് തെക്കേത്തല എന്നിവരും പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News