വാഷിംഗ്ടണ്‍: 1995 മുതല്‍ 2015 വരെ കൊരിന്ത്യന്‍ കോളേജുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ ബൈഡന് ഭരണകൂടം എഴുതിത്തള്ളി. 5,60,000 വിദ്യാര്‍ത്ഥികള്‍ക്കായി 5.8 ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് .
അമേരിക്കയില്‍ 105 ക്യാമ്പസുകളിലായി 1,10,000 വിദ്യാര്‍ത്ഥികളാണ് കൊരിന്ത്യന്‍ കോളേജുകളില്‍ പ്രവേശനം നേടിയിരിക്കുന്നത്.
തെറ്റായ പരസ്യം നല്കി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന കേസില്‍ 2013 ല്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിരുന്ന ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കൊരിന്ത്യന്‍ കോളേജുകള്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് ഫെഡറല്‍/സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിനിടെ കൊരിന്ത്യന്‍ കോളേജുകളില്‍ ഭൂരിഭാഗവും കൈമാറ്റം ചെയ്യുകയും 2015 ല്‍ ശേഷിക്കുന്ന കോളേജുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
ജൂണ്‍ 1 ബുധനാഴ്ചയിലെ തീരുമാനം ഫെഡറല്‍ വായ്പകള്‍ എഴുത്തിത്തള്ളാന്‍ സ്വീകരിച്ച നടപടികളില്‍ ഏറ്റവും വലുതാണ്.
2021 മുതല്‍ ബൈഡന് ഭരണകൂടം 25 ബില്യണ്‍ ഡോളറാണ് വിദ്യാഭ്യാസ വായ്പാ ഇനത്തില്‍ എഴുതിത്തള്ളിയത്. താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാ വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളുമെന്നത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.