വാഷിംഗ്ടണ്‍ ഡി.സി.: അത്യാധുനിക പ്രിസിഷ്യന്‍ റോക്കറ്റുകള്‍ യുക്രെയ്ന് നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിന് മറുപടിയായി റഷ്യ ന്യൂക്ലിയര്‍ ഫോഴ്സിന്റെ ഡ്രില്‍ സംഘടിപ്പിച്ചു.
ആയിരം റഷ്യന്‍ ഭടന്മാര് നൂറു കവചിത വാഹനങ്ങളില്‍ യാര്‍സ് ഇന്റര്‍ കോണ്ടിനെന്റല് മിസൈലുകളുമായി മോസ്ക്കോയില്‍ നിന്നും 160 മൈല്‍ ദൂരെയുള്ള ഇവാനോവ ഒബ്ലാസ്റ്റിലാണ് ഡ്രില്‍ സംഘടിപ്പിച്ചത്.
ന്യൂക്ലിയര്‍ യുദ്ധത്തിന് ഞങ്ങള്‍ തയ്യാറാണെന്ന സൂചനയാണ് ഇതിലൂടെ റഷ്യ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് നല്‍കിയരിക്കുന്നത്.
യുക്രെയ്ന് റോക്കറ്റുകള്‍ നല്കുകയില്ല എന്ന ബൈഡന് ഭരണകൂടത്തിന്റെ നേരത്തെയുള്ള തീരുമാനത്തില്‍ നിന്നും വ്യതിചലിച്ചാണ് അത്യാധുനിക പ്രിസിഷ്യന്‍ റോക്കറ്റുകള്‍ നല്‍കുന്നതിന് ബൈഡന് തീരുമാനിച്ചു. സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിന് അമേരിക്ക ശ്രമിക്കുന്നതായി പുട്ടിന് കുറ്റപ്പെടുത്തി.
പുതിയതായി നല്കിയ റോക്കറ്റുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കരുതെന്നും, യുക്രെയ്ന് അകത്തു പ്രതിരോധിക്കുന്നതിന് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് ബൈഡന് ഇവ നല്‍കിയിരിക്കുന്നത്. യുക്രെയ്ന് എളുപ്പത്തില്‍ പിടിച്ചടക്കാം എന്ന വ്യാമോഹം പൗരന്മാരുടെ ശക്തമായ എതിര്‍പ്പുമൂലം ഇതുവരെ വിജയിച്ചിട്ടില്ല.