ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനത്തിനെതിരായ ഹർജിയിൽ ഡൽഹി ഹൈക്കോടതി വിധിയിൽ, എല്ലാവർക്കും ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും ആചരിക്കാനും അവകാശമുണ്ടെന്നും ഇത് ഭരണഘടനാപരമായ അവകാശമാണെന്നും പറഞ്ഞു.
“ആരെങ്കിലും മതം മാറാൻ നിർബന്ധിതരായെങ്കില്‍, അത് മറ്റൊരു വിഷയമാണ്,” ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്ദേവയും തുഷാർ റാവു ഗെഡേലയും അടങ്ങിയ ബെഞ്ച് പറഞ്ഞു. മതപരിവർത്തനം ഒരു വ്യക്തിയുടെ പ്രത്യേകാവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ബിജെപി നേതാവും അഭിഭാഷകയുമായ അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഎൽ) പരിഗണിക്കവേയാണ് ഈ പരാമര്‍ശം കോടതി നടത്തിയത്. ഭീഷണിപ്പെടുത്തൽ, ഭീഷണികൾ, വഞ്ചന, അല്ലെങ്കിൽ ദുര്‍മന്ത്രവാദം, അന്ധവിശ്വാസം എന്നിവ ഉപയോഗിച്ചുള്ള മതപരിവർത്തനം നിരോധിക്കാൻ കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും ഉത്തരവിടണമെന്നാണ് അവർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.
ഹർജിക്കാരിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ വാദം കേൾക്കുന്നതിനിടെ ബെഞ്ച് ചോദ്യം ചെയ്തു. “നിങ്ങൾ മൂന്ന് സുപ്രീം കോടതിയുടെ മുന്‍ വിധികൾ നൽകി. പക്ഷെ, ബാക്കിയുള്ളത് നിങ്ങളുടെ വിയോജിപ്പാണ്” എന്ന് ബെഞ്ച് പറഞ്ഞു.
വ്യാപകമായ മതപരിവർത്തനത്തെക്കുറിച്ചുള്ള ഹരജിക്കാരിയുടെ അവകാശവാദങ്ങളെക്കുറിച്ചുള്ള തെളിവുകള്‍ കോടതി ആരാഞ്ഞപ്പോൾ, അത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉണ്ടെന്നായിരുന്നു മറുപടി.
“സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തെളിവുകളല്ല. അതിന് രൂപാന്തരപ്പെടുത്താനുള്ള കഴിവുണ്ട്. 20 വർഷം മുമ്പ് ചെയ്ത കാര്യങ്ങൾ ഇന്നലെ ചെയ്തതുപോലെ ചിത്രീകരിച്ചിരിക്കുന്നു,” കോടതി പ്രതികരിച്ചു.
ആർട്ടിക്കിൾ 14 നിയമത്തിന് മുന്നിൽ തുല്യതയും നിയമത്തിന് കീഴിൽ തുല്യ പരിരക്ഷയും ഉറപ്പുനൽകുന്നുവെന്ന് ഉപാധ്യായ പൊതുതാൽപ്പര്യ ഹർജിയിൽ വാദിച്ചു.