പാലക്കാട്: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “സാഹോദര്യത്തണൽ വിരിയിക്കാം” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട്ട് ഫലവൃക്ഷ തൈ നട്ട് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് നിർവഹിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി നേതാക്കൾ പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമര സമിതിയംഗങ്ങളെ സന്ദർശിച്ചു.പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ പൊതുജനങ്ങളുടെ കുടിവെള്ളം ഊറ്റി ആഗോള കുത്തക ഭീമൻ കൊക്കക്കോള ആരംഭിച്ച കമ്പനിക്കെതിരെ ജനകീയ പോരാട്ടം നടന്നിട്ട് ഇരുപത് വർഷം തികയുകയാണ്. ജനകീയ സമരത്തിന് മുന്നിൽ മുട്ടുമടക്കി കമ്പനിക്ക് നാടുവിടേണ്ടി വന്നെങ്കിലും കമ്പനി മൂലം ദുരിതമനുഭവിച്ച പ്ലാച്ചിമടക്കാർക്ക് രണ്ട് പതിറ്റാണ്ടിനിപ്പുറവും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം നൽകാതെ രക്ഷപ്പെടാൻ സർക്കാറുകൾ കൊക്കക്കോളക്ക് സൗകര്യമൊരുക്കിക്കൊടുത്തുവെന്നതാണ് യാഥാർത്ഥ്യം.നഷ്ടപരിഹാരത്തിനു വേണ്ടിയുള്ള നിയമ പോരാട്ടവും സമരങ്ങളും സമര സമിതി ഇപ്പോഴും തുടരുന്നു.ഫ്രറ്റേണിറ്റി നേതാക്കൾ സമര സമിതിക്ക് പിന്തുണകളറിയിച്ചു.നഷ്ടപരിഹാര തുക ഉടൻ നൽകണമെന്നും നേതാക്കൾ പറഞ്ഞു.
പൂട്ടിപ്പോയ കമ്പനിക്ക് മുന്നിൽ ഫ്രറ്റേണിറ്റി നേതാക്കളും സമര സമിതിയംഗങ്ങളും പരിസ്ഥിതി സംരക്ഷണം,നീതി നിഷേധങ്ങൾക്കെതിരെയുള്ള പോരാട്ടം എന്നിവക്കായി പ്രതിജ്ഞയെടുത്തു.വൃക്ഷ തൈ നട്ടു.ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്,സെക്രട്ടറിമാരായ ലത്തീഫ് പി.എച്ച്,അമീൻ റിയാസ്,ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ,സമര സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ,തങ്കവേലു,ശക്തിവേലു,സൈദ് പറക്കുന്നം,മുരുകൻ,കാന്തൻ,ത്വാഹ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.