കോഴിക്കോട്: പാരിസ്ഥിതിക ആഘാതം ഒഴിവാക്കാൻ വിദഗ്ധരുമായി ആലോചിച്ച ശേഷമേ കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കൂവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഞായറാഴ്ച കോഴിക്കോട്ട് നടന്ന പൊതുയോഗത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ പരിസ്ഥിതി സംരക്ഷിക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ നയമാണ്. അതിനാൽ, സിൽവർ ലൈൻ നടപ്പിലാക്കുന്നതിന് മുമ്പ് വിദഗ്ധരുടെ അഭിപ്രായം പരിഗണിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സർക്കാരിനെതിരായ ഭരണവിരുദ്ധതയുടെ പ്രതിഫലനമല്ലെന്നും ബൃന്ദ പറഞ്ഞു. ഇതൊരു ഉപതെരഞ്ഞെടുപ്പ് മാത്രമായിരുന്നു, ഫലം സർക്കാരിന്റെ വിലയിരുത്തലല്ല. വോട്ടെടുപ്പ് ഫലം പാർട്ടി ഇതിനകം പരിശോധിച്ചുവെന്നും ട്വന്റി 20 ഉൾപ്പെടെയുള്ള പല ശക്തികളും യുഡിഎഫിനെ സീറ്റ് നേടാൻ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സീറ്റിൽ വിജയിച്ച ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തോട് പ്രതികരിക്കവെ, വിഷയത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സിപിഎം നേതാവ് പറഞ്ഞു. എന്നിരുന്നാലും, ഏതൊരു വ്യക്തിക്കും നേരെയുള്ള സൈബർ ആക്രമണത്തിന് തന്റെ പാർട്ടി എതിരാണെന്നും അവർ പറഞ്ഞു