ന്യൂഡൽഹി: വിഴിഞ്ഞത്ത് റിപ്പോർട്ട് ചെയ്ത രണ്ട് നോറോവൈറസ് അണുബാധ കേസുകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർവൈലൻസ് ഓഫീസറോട് റിപ്പോർട്ട് തേടി. വിഴിഞ്ഞത്തെ സ്‌കൂളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ രണ്ട് കുട്ടികൾക്കാണ് നൊറോവൈറസ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് അവലോകന യോഗം ചേരുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തു.
നോറോവൈറസ് ആമാശയത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ്. ആമാശയത്തിലെയും കുടലിലെയും ആവരണത്തിന്റെ വീക്കം, കഠിനമായ ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
ഒരു ജലജന്യ രോഗമാണ് നോറോ വൈറസ് ബാധ. പോഷകാഹാരക്കുറവ്, കുടൽ വീക്കം എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും രോഗബാധ ദീർഘകാല രോഗാവസ്ഥയ്ക്ക് കാരണമായേക്കാമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ആഗോളതലത്തിൽ പ്രതിവർഷം 685 ദശലക്ഷം നോറോ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അതിൽ 200 ദശലക്ഷം കേസുകൾ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിൽ ആദ്യമായി നോറോവൈറസ് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷം ജൂണിൽ ആലപ്പുഴയിലാണ്. 2021ൽ ആലപ്പുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി 950 ഓളം നോറോവൈറസ് സംബന്ധമായ ഉദരരോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗം പകരുന്നതെങ്ങനെ? : ജലജന്യ രോഗമായ നോറോ വൈറസ് ബാധ മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്‍റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടെന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.
രോഗ ലക്ഷണങ്ങള്‍ : വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും.
രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം : രോഗ ബാധിതര്‍ ഡോക്‌ടറുടെ നിര്‍ദേശാനുസരണം വീട്ടില്‍ വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. മിക്കവാറും പേരില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറും. പക്ഷേ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ മൂന്ന് ദിവസം വരെ ശ്രദ്ധിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
ആഹാരത്തിന് മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുടിവെള്ള സ്രോതസ്സുകള്‍, കിണര്‍, വെള്ളം ശേഖരിച്ചുവച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്‌ത വെള്ളം ഉപയോഗിക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്‌തതിന് ശേഷം മാത്രം കഴിക്കുക.
ഇവ കൈകാര്യം ചെയ്‌തതിന് ശേഷം സോപ്പുപയോഗിച്ച് കൈയ്യും പാത്രവും കഴുകുക.
പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
ഭക്ഷണ ശുചിത്വവും വ്യക്തിശുചിത്വവുമാണ് നോറോ വൈറസ് പ്രതിരോധത്തിന് ഏറ്റവും പ്രധാനം.